തമിഴ്നാട് പൊലീസിന്റെ 'പ്രത്യേക സംഘം' അന്വേഷിച്ചിരുന്ന പ്രതി കേരളത്തിൽ; 19കാരനെതിരെ നിരവധി കേസുകളെന്ന് പൊലീസ്
തക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മാല മോഷണങ്ങള്‍ നടന്നതായി പരാതി കിട്ടിയതോടെയാണ് തമിഴ്നാട് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചത്

തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള നാഗർകോവിൽ, ആശാരിപ്പള്ളം, തക്കല, പൊലീസ് സ്റ്റേഷനുകളിലെ നിരവധി മാല മോഷണ കേസുകളിലെ പ്രതിയെ വിഴിഞ്ഞത്തു നിന്നും തമിഴ്നാട് പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടുകാൽ തെക്കേക്കോണം സ്വദേശി നന്ദകുമാർ (19) ആണ് പിടിയിലായത്. കന്യാകുമാരി ജില്ലയിലെത്തി ബൈക്ക് മോഷ്ടിച്ച ശേഷം ഈ ബൈക്കിൽ ചുറ്റിക്കറങ്ങി മാല മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി എന്ന് പൊലീസ് പറഞ്ഞു.
തക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മാല മോഷണങ്ങള്‍ നടന്നതായി പരാതി കിട്ടിയതോടെയാണ് തമിഴ്നാട് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് പ്രതിയെ കുറിച്ച് പോലീസിനു സൂചന ലഭിക്കുന്നത്. തുടർന്ന് എസ്.ഐ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ പ്രതി വിഴിഞ്ഞത്ത് ഉള്ളതായി മനസ്സിലാക്കി.
തുടര്‍ന്ന് ഇയാളെ പിടികൂടാനായി തമിഴ്നാട് പൊലീസ് സംഘം വിഴിഞ്ഞത്ത് എത്തി. വിഴിഞ്ഞം എസ്.ഐ വിനോദിന്റെ സഹായത്തോടുകൂടി നന്ദകുമാറിനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 18 ഗ്രാം സ്വർണാഭരണവും മോഷ്ടിച്ച ബൈക്കും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് വെളളംകുടി സ്വദേശി രജികുമാർ (58) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കല്ലറ പാങ്ങോട് ആണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു.
രജികുമാർ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട മുത്തശ്ശി ഒച്ച വെച്ചു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തനായില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇന്ന് വൈകിട്ടാണ് പ്രതി രജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...