മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി എടിഎം കൗണ്ടറിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ സെക്യുരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു.


ആലപ്പുഴ: മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി എടിഎം കൗണ്ടറിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ സെക്യുരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. ഇന്ന് വെളുപ്പിനെ രണ്ട് മണിയോടെ ആലപ്പുഴ മണ്ണഞ്ചേരി തൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണ് ലോറി ഇടിച്ചുകയറിയത്. 

കൗണ്ടറിനുള്ളില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ മണ്ണഞ്ചേരി സ്വദേശി കുഞ്ഞുമോന്റെ (63) കാലുകള്‍ക്ക് സാരമായി മുറിവേറ്റു. ഇയാളെ പൊലീസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍മാരായ പത്തനംതിട്ട സ്വദേശികളായ ബൈജു, സതീഷ് എന്നിവരെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. 

എടിഎം കൗണ്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗമാണ് അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം. രാത്രികാലങ്ങളില്‍ ഇവിടെ ലോറികള്‍ അമിതവേഗത്തിലാണ് പോകുന്നത്. പൊതുവേ നല്ല തിരക്കുള്ള ഭാഗത്താണ് അപകടം നടന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് എടിഎം കൗണ്ടറിന് ഉണ്ടായിരിക്കുന്നത്. 

അറ്റകുറ്റപണികള്‍ക്കായി കൗണ്ടര്‍ അടച്ചിട്ടു. ഇത് എപ്പോള്‍ തുറക്കുമെന്ന കാര്യം ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലോറി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വാഹനത്തിന്റെ വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. അനധികൃതമായാണോ മെറ്റല്‍ കൊണ്ടുവന്നതെന്നും പൊലീസ് അന്വേഷിക്കുന്നു.