പ്രസാദിനെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും ടാക്‌സി ഡ്രൈവര്‍മാരും പൊലീസ് സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു


ആലപ്പുഴ: മൂന്നംഗ സംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു. കീരിക്കാട് തെക്ക് പടന്നയില്‍ കിഴക്കതില്‍ പ്രസാദ് (59) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിലുളള ടാക്‌സി സ്റ്റാന്റിലായിരുന്നു സംഭവം. ടാക്‌സി സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രസാദിന്റെ കാറിനു മുന്നില്‍ മറ്റൊരു കാര്‍ നിര്‍ത്തുന്നത് കണ്ട് അതിലുണ്ടായിരുന്ന ആളിനോട് വാഹനം അല്‍പം നീക്കിയിടുവാന്‍ പ്രസാദ് ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അപരിചിതന്‍ കാറുമായി പോകുകയും ചെയ്തു. 

എന്നാല്‍ വൈകിട്ട് നാലോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാട്ടുകാര്‍ നോക്കിനില്‍ക്കെ പ്രസാദിനെ മര്‍ദ്ദിച്ച് അവശനാക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അവശനായ പ്രസാദിനെ കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പ്രസാദ് മരിച്ചത്. 

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നത്തി. പ്രസാദിനെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും ടാക്‌സി ഡ്രൈവര്‍മാരും പൊലീസ് സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു. പ്രസാദിനെ മര്‍ദ്ദിച്ച സ്ഥലത്തിന് സമീപ കടകളിലെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.