Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങി വലഞ്ഞത് 7 ദിവസം, തെരുവ് നായയ്ക്ക് രക്ഷകരായി ദുരന്തനിവാരണ സേന

തല ആകെ മൂടിയ നിലയില്‍ ആയതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ആളുകളെ കണ്ട് ഭയന്ന് ഓടിയിരുന്ന നായയെ വലയിട്ട് പിടികൂടിയായിരുന്നു രക്ഷാപ്രവർത്തനം

TDRF workers came to rescue stray dog which trapped head inside in a plastic bottle in kozhikode
Author
First Published Aug 20, 2024, 11:36 AM IST | Last Updated Aug 20, 2024, 11:36 AM IST

കോഴിക്കോട്:  പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങി ഏഴ് ദിവസമായി അലഞ്ഞ് നടന്ന തെരുവ് നായയെ ഒടുവില്‍ പിടികൂടി രക്ഷപ്പെടുത്തി. താലൂക്ക് ദുരന്തനിവാരണ സേന (ടി ഡി ആര്‍ എഫ്) പ്രവര്‍ത്തകരാണ് നായയെ പിടികൂടി തലയില്‍ നിന്ന് പാത്രം മുറിച്ചു മാറ്റിയത്.  ഒളവണ്ണ കൊടിനാട്ടുമുക്കില്‍ കൊപ്രക്കള്ളിയിലുള്ള അംഗന്‍വാടി പരിസരത്താണ് നായ ഉണ്ടായിരുന്നത്. തല ആകെ മൂടിയ നിലയില്‍ ആയതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ആളുകളെ കണ്ട് ഭയന്ന് ഓടിയിരുന്ന നായയെ വലയിട്ട് പിടികൂടിയായിരുന്നു രക്ഷാപ്രവർത്തനം.

നാട്ടുകാർ നായയെ രക്ഷപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും നായ ഭയന്ന് പിടികൊടുക്കാതെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വാര്‍ഡ് മെംബര്‍ പി ഷിബില താലൂക്ക് ദുരന്തനിവാരണ സേന ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസിനെ വിവരം അറിയിച്ചത്. ശനിയാഴ്ച മുതല്‍ നായയെ നിരീക്ഷിച്ച ശേഷമാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പിടികൂടി ബോട്ടില്‍ മുറിച്ചുമാറ്റുകയായിരുന്നു. ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ മിര്‍ഷാദ് ചെറിയേടത്തിന്റെ നേതൃത്വത്തില്‍ സുകേഷ് ഒളവണ്ണ, അജിത്ത് പയ്യടിമീത്തല്‍, അന്‍വര്‍ ജവാദ്, ഷൈജു ഒടുമ്പ്ര, സലീം കൊമ്മേരി, റഷീദ് കള്ളിക്കുന്ന്, നിധീഷ് കള്ളിക്കുന്ന് തുടങ്ങി പത്തോളം സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

സമാനമായ മറ്റൊരു സംഭവത്തിൽ ജൂൺ മാസത്തിൽ പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയിരുന്നു. പാത്രത്തിനുള്ളിൽ വെച്ചിരുന്ന കേക്ക് കട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് നായ കുടുങ്ങിപ്പോയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios