ഒരാഴ്ച മുഴുവന്‍ ചായ വിറ്റു നേടിയ പതിനായിരം രൂപ മരിയസിലു ശരണ്യക്ക് നല്‍കി. ജിവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഒരാള്‍ തന്നെ തങ്ങളെ സഹായിക്കുവാന്‍ വന്നല്ലോ എന്നത് ജീവിതത്തില്‍ ഇനിയും പ്രതീക്ഷിക്കുവാന്‍ വക നല്‍കുന്നതായി വിജയനും കുടംബവും പറഞ്ഞു. 

മൂന്നാർ: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ശരണ്യയുടെ മംഗല്യ സ്വപ്‌നത്തിനു നുറുങ്ങുവെട്ടവുമായി ചായ വില്‍പ്പനക്കാരന്‍. നിത്യച്ചെലവുകള്‍ കഴിച്ചുകൂട്ടാന്‍ വഴിയോരത്തു ചായവില്‍പ്പന നടത്തുന്ന മരിയസിലുവൈയെന്ന ചായക്കടക്കാരനാണ് ശരണ്യയുടെ വിവാഹ സ്വപ്‌നത്തിനു ചിറകു നല്‍കി സഹായവുമായെത്തിയത്. വിവാഹത്തിന് സ്വരുക്കൂട്ടി വച്ചിരുന്നതെല്ലാം പ്രളയത്തില്‍ തകര്‍ന്നതോടെ പ്രതിസന്ധിയിലായ ശരണ്യയ്ക്കും കുടുംബത്തിനും വീണ്ടും പ്രതീക്ഷകള്‍ മുളയ്ക്കുകയാണ് ഇതോടെ. നിത്യച്ചെലവിനായി ജിവിതം കരുപ്പിടിപ്പിക്കാന്‍ വഴിയോരത്തും കടകളിലും ചായവില്‍പ്പന നടത്തുന്ന മൂന്നാര്‍ കോളനി സ്വദേശി മരിയസിലുവൈ ആണ് അന്യരുടെ വേദനയില്‍ താങ്ങായി മാതൃകയായത്. മൂന്നാര്‍ ടൗണില്‍ അമ്പലത്തിനു സമീപം കഴിഞ്ഞ 14 നുണ്ടായ പ്രളയത്തില്‍ വിജയന്‍റെ വീടും പ്രതീക്ഷകളും തകര്‍ന്നിരുന്നു. മൂത്തമകളായ ശരണ്യയുടെ വിവാഹത്തിനായി കരുതി വച്ചിരുന്ന പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങളടക്കമുള്ള എല്ലാം വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. അമ്മയുടെ ഒറ്റമുറി വീട്ടിലാണ് ഇപ്പോള്‍ വിജയനും കുടുംബവും താമസിക്കുന്നത്. വിവാഹ തീയതി അടുത്തിരിക്കെ എന്ത് ചെയ്യുമെന്ന മനോവിഷമത്തിലിരിക്കുമ്പോഴാണ് തന്നാലാവുന്ന സഹായവുമായി മരിയസിലു എത്തിയത്.

ഒരാഴ്ച മുഴുവന്‍ ചായ വിറ്റു നേടിയ പതിനായിരം രൂപ മരിയസിലു ശരണ്യക്ക് നല്‍കി. ജിവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഒരാള്‍ തന്നെ തങ്ങളെ സഹായിക്കുവാന്‍ വന്നല്ലോ എന്നത് ജീവിതത്തില്‍ ഇനിയും പ്രതീക്ഷിക്കുവാന്‍ വക നല്‍കുന്നതായി വിജയനും കുടംബവും പറഞ്ഞു. കൂലിപ്പണി ചെയ്ത് ജീവിതം പുലര്‍ത്തി വന്നിരുന്ന വിജയനും കുടുംബത്തിനും പ്രളയം വലിയ നഷ്ടമാണ് വരുത്തിയത്. എങ്കിലും മരിയസിലുവിനെപ്പോലുള്ള സന്മസുള്ളവരുടെ കാരുണ്യമുണ്ടെങ്കില്‍ വിവാഹം നടത്താനാവുമെന്ന പ്രതീഷയിലാണ് വിജയനും കുടുംബവും.