കൊല്ലം: അഞ്ചാം ക്ലാസുകാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത സംഭവത്തില്‍ അധ്യാപകന് സസ്പെന്‍ഷന്‍. സംഭവം വിവാദമായതോടെ സ്കൂള്‍ മാനേജ്മെന്‍റ് അധ്യാപകനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. കൊല്ലം ചുങ്കത്തറ ഇഇടി യുപിഎസിലെ അധ്യാപകന്‍ മനോജ് മാത്യുവിനെയാണ് സസ്പെന്‍റ് ചെയ്തത്. സംഭവത്തില്‍ എ ഇ ഒയുടെ റിപ്പോർട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി.അധ്യാപകനെതിരെ വകുപ്പുതല നടപടിയുമുണ്ടായേക്കും.  

കുട്ടികളും രക്ഷിതാക്കളും അധ്യാപകര്യമുള്ള ഗ്രൂപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ എത്തിയത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇത്. രക്ഷിതാക്കള്‍ സംഭവം ഉടന്‍തന്നെ പ്രധാനാധ്യാപികയെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകനില്‍ നിന്ന് വിശദീകരണം തേടി. 

തന്‍റെ ഫോണില്‍ നിന്ന് വന്നതാണ് വീഡിയോ എന്ന് സമ്മതിച്ച അധ്യാപകന്‍ എന്നാല്‍ ഇത് ചെയ്തത് താനല്ലെന്നും വിശദീകരണം നല്‍കി. സംഭവത്തില്‍ ക്ഷമ ചോദിച്ച അധ്യാപകന്‍ സുഹൃത്തിന് പറ്റിയ അബദ്ധമാണെന്നും വിശദീകരണത്തിലൂടെ അറിയിച്ചതായി പ്രധാനാധ്യാപിക പറഞ്ഞു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 45കതാരനായ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.