നവമാധ്യമലോകത്ത് ട്രോളുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. ട്രോളുകളുടെ സൃഷ്ടിയും ചില്ലറക്കാര്യമല്ല. ട്രോളുണ്ടാക്കി നിരവധി സമ്മാനങ്ങള്‍ നേടിയ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് പക്ഷെ ആ വരദാനം ദോഷമായി. ട്രോളിനെ തമാശയായി കാണാന്‍ മനസുകാട്ടാത്ത അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ 'നോട്ട് സാറ്റിഫാക്ടറി' എന്ന് കൃത്യമായി കുറിച്ചുനല്‍കിയിരിക്കുകയാണ്.
തൃശൂര്‍: നവമാധ്യമലോകത്ത് ട്രോളുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. ട്രോളുകളുടെ സൃഷ്ടിയും ചില്ലറക്കാര്യമല്ല. ട്രോളുണ്ടാക്കി നിരവധി സമ്മാനങ്ങള്‍ നേടിയ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് പക്ഷെ ആ വരദാനം ദോഷമായി. ട്രോളിനെ തമാശയായി കാണാന്‍ മനസുകാട്ടാത്ത അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍'നോട്ട് സാറ്റിസ്‍ഫാക്ടറി' എന്ന് കൃത്യമായി കുറിച്ചുനല്‍കിയിരിക്കുകയാണ്. മകന്‍റെ ഭാവി അവതാളത്തിലായതോടെ സ്വഭാവത്തില്‍ സംതൃപ്തിയില്ലെന്ന് എഴുതും മുമ്പ് അവന്‍ ചെയ്ത തെറ്റ് എന്തെന്ന് രക്ഷിതാക്കളോട് അറിയിക്കേണ്ട മര്യാദ അധ്യാപകര്‍ കാട്ടിയില്ലെന്ന് വിവരിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് സ്‌കൂള്‍ അധ്യാപകന്‍ അച്ഛന്‍.
മുല്ലശ്ശേരി ഗവ.എച്ച്എസ്എസിലെ സീനിയര്‍ അധ്യാപകനായ എന്‍ കൃഷ്ണശര്‍മ്മയുടെയും സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ കെ എന്‍ പ്രീതയുടെയും മകന്‍ കെ അരവിന്ദ് ശര്‍മ്മയ്ക്കാണ് ഈ ദുര്‍വിധി. ക്യാമ്പസിലും പുറത്തും നവമാധ്യമങ്ങളിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ട്രോളറാണ് അരവിന്ദ്. തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍ നിന്ന് 2016-19 കാലയളവില്‍ ഇലട്രിക്കല്‍ ബാച്ചില്‍ പഠിച്ചിറങ്ങിയപ്പോഴാണ് അരവിന്ദ് ശര്‍മ്മയ്ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന്‍റെ കൂടെയുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പ്രതികൂല വിശേഷണം നല്‍കിയത്. ഇത് അരവിന്ദിന്‍റെ തുടര്‍വിദ്യാഭ്യാസത്തിനും തടസമായിരിക്കുകയാണിപ്പോള്‍.

ട്രോളിന്‍റെ പ്രതികാരമായി കഴിഞ്ഞ സെമസ്റ്ററുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ അരവിന്ദിനെ അധ്യാപകര്‍ മനഃപൂര്‍വ്വം തോല്‍പിച്ചിരുന്നതായും അച്ഛന്‍ കൃഷ്ണശര്‍മ്മ പറയുന്നു. അവസാന സെമസ്റ്ററില്‍ എല്ലാം എഴുതിയെടുത്തപ്പോള്‍ ആണ് ഇങ്ങനെയൊരു പണി കൊടുത്തതത്രെ. അരവിന്ദ് ഒരു ട്രോള്‍ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് അതിന് കാരണമായി സ്ഥാപന മേധാവി പറഞ്ഞതെന്നും കൃഷ്ണശര്‍മ്മ മുഖ്യമന്തിക്ക് നല്‍കിയ കത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിമിനല്‍ കേസുള്ളവര്‍ക്കുപോലും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഈ കാലത്താണ് തമാശയുടെ പേരില്‍ ഒരു കുട്ടിയുടെ ഭാവിതകര്‍ത്തിരിക്കുന്നത്. പഠനത്തിലും ഏറെ മിടുക്കുള്ള വിദ്യാര്‍ത്ഥിയാണ് അരവിന്ദ് ശര്‍മ്മ. സര്‍ട്ടിഫിക്കറ്റ് ഇത്തരത്തിലായതോടെ അതേക്കുറിച്ച് അറിയാന്‍ ചെന്നപ്പോഴും അധ്യാപകരെല്ലാം അരവിന്ദിനെക്കുറിച്ച് നല്ലതേ പറഞ്ഞിരുന്നുള്ളൂ. അവന്‍ നല്ല കുട്ടിയാണെന്നും മിടുക്കനാണെന്നും എന്നാല്‍ 'സ്വഭാവം' ശരിയല്ലെന്നുമാണ് സ്ഥാപന മേധാവിയുടെ ഭാഷ്യമത്രെ.
ഇതോടെ വീട്ടില്‍ മുറിയടച്ചിട്ട് ഇരുപ്പായിരുന്നു കുറച്ചുദിവസം അരവിന്ദ്. ആരെയും കാണാന്‍ കൂട്ടാക്കിയിരുന്നില്ല. കൂട്ടുകാരുടെയും രക്ഷിതാക്കളുടെയും മറ്റും ഇടപെടലുകളുടെ ഫലമായി അരവിന്ദിന്‍റെ ട്രോള്‍ എസ്ആര്‍ജിപിടിസി എന്ന ഫേസ്ബുക്ക് പേജ് വീണ്ടും സജീവമാക്കി. അരവിന്ദ് തന്നെ പോസ്റ്റുചെയ്ത പുതിയ ട്രോള്‍ തന്‍റെ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ വിശദീകരണം തേടാന്‍ അച്ഛന്‍ എച്ച്ഒഡിയെ കാണാന്‍ പോയ രംഗമാണ്. തന്‍റെ ഭാവി അവതാളത്തിലാക്കിയ സംഭവത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് പേജില്‍ ഉള്ളത്.

എസ്ആര്‍ജിപിടിസി ഗ്രൂപ്പിന്‍റെ ട്രോളുകള്‍ കാണാം: ട്രോളുണ്ടാക്കിയ വിദ്യാര്‍ത്ഥിയുടെ സ്വഭാവം 'തൃപ്തികരമ'ല്ലെന്ന് അധ്യാപകന്‍; കാണാം അരവിന്ദ് ശര്‍മ്മയുടെ ട്രോള്‍ മീമുകള്‍
