മൂന്നാറിലെ എ ഇ ഒ ഓഫീസിന്‍റെ കീഴില്‍ 31 ഏകാധ്യാപക സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. 

ഇടുക്കി: ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ ഏകാധ്യാപക സ്‌കൂളിലെ അധ്യാപികമാര്‍ മൂന്നാറിലെ എ ഇ ഒ ഓഫീസ് ഉപരോധിച്ചു. സംസ്ഥാനത്തെ മുഴുവന്‍ എം ജി എല്‍ സി സ്‌കൂളുകളിലെ ടീച്ചര്‍മാര്‍ക്കും പണം ലഭിച്ചെങ്കിലും മൂന്നാറിലെ എ ഇ ഒ ഓഫീസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പണം ലഭിച്ചിട്ടില്ല.

മൂന്നാറിലെ എ ഇ ഒ ഓഫീസിന്‍റെ കീഴില്‍ 31 ഏകാധ്യാപക സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശബളം, അരിയസ്, ലീവ് സറണ്ടര്‍, എച്ച് റ്റി എ, മെയ്ന്‍റന്‍സ് അലവന്‍സ് എന്നിവയുടെ ബില്ലുകള്‍ മാര്‍ച്ചിനുമുന്‍പ് അതാത് ട്രഷറികളില്‍ എത്തിക്കണമെന്ന് സര്‍ക്കാര്‍ ജനുവരിമാസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ബില്ലുകള്‍ അധിക്യതര്‍ മാര്‍ച്ച് 27 നാണ് ട്രഷറിയില്‍ എത്തിച്ചത്. ബില്ലുകള്‍ എത്തിക്കാന്‍ കാലതാമസം നേരിട്ടതോടെ ട്രഷറിയില്‍ നിന്നും ഇവ പാസായതുമില്ല. ക്യുവിലായ ബില്ലുകള്‍ മാറിക്കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ മൂന്നാര്‍ സ്‌കൂള്‍ അധിക്യതര്‍ തയ്യറാകാതെ വന്നതോടെയാണ് ചൊവ്വാഴ്ച രാവിലെ എ എസ് റ്റി എ ജില്ലാ പ്രസിഡന്‍റ് വി ആര്‍ ദീപ്തി മോളിന്‍റെ നേത്യത്വത്തില്‍ ടീച്ചര്‍മാര്‍ ഓഫീസ് ഉപരോധിച്ചത്.

പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒരുമണിക്കൂറോളം കുത്തിയിരുന്ന അധ്യാപകരോട് കാര്യങ്ങള്‍ തിരക്കാന്‍പോലും ഉദ്യോഗസ്ഥര്‍ തയ്യറായില്ല. ഉച്ചയോടെയെത്തിയ സൂപ്രണ്ട് അജിത്ത് കുമാര്‍ രണ്ടുപേരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചെങ്കിലും ഒന്നിച്ച് ചര്‍ച്ചകള്‍ നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങാന്‍ സൂപ്രണ്ട് തയ്യറാകാതെ വന്നതോടെ സമരക്കാര്‍ ഓഫീസില്‍ കയറിയ. തുടര്‍ന്ന് ചര്‍ച്ച നടത്തുകയായിരുന്നു. 

രണ്ട് മണിക്കൂറോളം നടത്തിയ ചര്‍ച്ചക്കൊടുവില്‍ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന സൂപ്രണ്ടിന്‍റെ ഉറപ്പിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മൂന്നാറിലെ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ അധിക്യതരുടെ അനാസ്ഥമൂലം മാസങ്ങള്‍ കഴിഞ്ഞാണ് ലഭിച്ചത്. ഇത്തവണ ബില്ലുകള്‍ ക്യത്യസമയത്താണ് ട്രഷറിയില്‍ എത്തിച്ചത്. 28 മുതല്‍ എത്തുന്ന ബില്ലുകള്‍ ക്യുവില്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ട് 27 മുതലുള്ള ബില്ലുകള്‍ ക്യൂവില്‍ നിര്‍ത്തിയതാണ് ബില്ലുകള്‍ മാറുന്നതിന് തടസമായതെന്നും സൂപ്രണ്ട് പറയുന്നത്. 

"