കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറി(24) നെയാണ വടകര സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് വാര്‍ത്തകള്‍ വ്യാപകമാകുന്നതിനിടെ ഐ.ടി പ്രൊഫഷണലായ യുവാവും ചതിയില്‍ കുടുങ്ങി. വടകര കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശ്ശേരി സ്വദേശിയുമായ ഷിബിനാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ഇയാളുടെ പരാതിയില്‍ വടകര പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറി(24) നെയാണ വടകര സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ മുഖേന പാര്‍ട്ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ ഷിബിന്‍ പണം നിക്ഷേപിക്കുകയും ആദ്യഘട്ടങ്ങളില്‍ ഇതിന്റെ ലാഭം ലഭിക്കുകയും ചെയ്തിരുന്നു. വിശ്വാസം വര്‍ധിച്ചതോടെ കൂടുതല്‍ പണം നിക്ഷേപിച്ചപ്പോഴാണ് മുഴുവന്‍ തുകയും പരാതിക്കാരന് നഷ്ടമായത്. യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി പണം കൈമാറ്റം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സി.ഐയെ കൂടാതെ എ.എസ്.ഐ രജീഷ് കുമാര്‍, സീനിയര്‍ സി.പി.ഒ സുരേഷ്, സി.പി.ഒ സുമേഷ് എന്നിവരും ഉണ്ടായിരുന്നു. അടുത്തിടെയായി വടകര മേഖലയില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പിന്റെ മുഖ്യ കണ്ണികളെല്ലാം ഇതരസംസ്ഥാനത്തു നിന്നുള്ളവരാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസും സൈബര്‍ സെല്ലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.