കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്
കൊച്ചി: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019 - 2020 കാലഘട്ടത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കൂട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകിയാണ് പീഡനത്തിനിരയാക്കിയിരുന്നത്.
കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ ഉദയം പേരൂർ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകുവാനും കോടതി നിദ്ദേശിച്ചു. കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത ക്രൂരത അതിഹീനമായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ത്യക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ കെ എം ജിജിമോനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മകളെ പീഡിപ്പിച്ച പോക്സോ കേസിൽ പിതാവ് റിമാൻഡിലായെന്നതാണ്. 14 വയസ്സു മുതൽ മകളെ പീഡിപ്പിച്ച കേസിലാണ് പിതാവ് അറസ്റ്റിലായത്. കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് റിമാൻഡ് ചെയ്തത്. 2020 മാച്ചിൽ 14 കാരിയായ മകളെ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്.
