വര്‍ക്കല: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകരേയും ജീവനക്കാരേയുമടക്കം താല്‍കാലികമായി നിയമിച്ച് മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കാൻ നീക്കമെന്ന ആരോപണവുമായി വിദ്യാർഥികള്‍ രംഗത്തെത്തി. മുമ്പ് നടന്ന എല്ലാ പരിശോധനകളിലും വലിയ ന്യൂനതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ മാസം പകുതിയോടെ മെഡിക്കൽ കൗണ്‍സില്‍ നിയോഗിച്ച സംഘം കോളജില്‍ പരിശോധനക്കെത്തും. ഇതിനു മുന്നോടിയായി അധ്യാപകരേയും ജൂനിയര്‍ ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയുമടക്കം താല്‍കാലികമായി നിയമിച്ചിരിക്കുകയാണ് മാനേജ്മെന്‍റ് എന്നാണ് ആരോപണം. രോഗികളേയും എത്തിച്ചിട്ടുണ്ട്. കൗണ്‍സില്‍ പരിശോധനയില്‍ ന്യൂനതകളില്ലെന്ന് കണ്ടെത്തിയാൽ കോളജിന് പ്രവര്‍ത്തനാനുമതി കിട്ടും. 

എന്നാല്‍ പരിശോധനകള്‍ക്കു ശേഷം താല്‍കാലികമായി എത്തിച്ചവരെല്ലാം തിരികെ പോകും. ഇതോടെ കോളജിന്‍റെ അവസ്ഥ പഴയപടി ആകുമെന്നാണ് ആരോപണം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളജില്‍ എങ്ങനെ തുടർ പഠനം നടക്കുമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികളുള്ളത്. കോളജിനെതിരെ നിയമ നടപടി സ്വീകരിച്ച വിദ്യാർഥികള്‍ക്കെതിരെ മാനേജ്മെന്‍റ്  നടപടി എടുക്കുകയാണെന്നും വിദ്യാര്‍ഥികൾ പറയുന്നു. 2016 ല്‍ പ്രവേശനം കിട്ടിയ 100 കുട്ടികളാണ് ഇപ്പോള്‍ എസ് ആര്‍ മെഡിക്കല്‍ കോളജിലുള്ളത്.