Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ കുറവ്

പരിശോധനകളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്കിലാണ് ജില്ല. 87218 പരിശോധനകളാണ് ഇതിനകം നടത്തിയത്.
 

test positivity rate of wayanad less than kerala
Author
Kalpetta, First Published Sep 30, 2020, 10:14 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ വളരെ കുറവ്. 3.76 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. സംസ്ഥാന ശരാശരി ഇന്നലെ 13.51 ആണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ 6.15 ഉം ട്രൂനാറ്റ് പരിശോധനകളില്‍ 1.7 ഉം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളില്‍ 2.55 ഉം ആണ് ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക്.

അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്കിലാണ് ജില്ല. 87218 പരിശോധനകളാണ് ഇതിനകം നടത്തിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു ലക്ഷം പേരില്‍ 10676 പേരെയാണ് പരിശോധിച്ചത്. സംസ്ഥാന ശരാശരി ഒരു ലക്ഷം പേര്‍ക്ക് 7984 പരിശോധനകളാണ്. ഒരു ലക്ഷം പേര്‍ക്ക് 399 പേര്‍ എന്ന നിരക്കിലാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍. സംസ്ഥാന തലത്തില്‍ ഇത് 511 ആണ്. 

അതേ സമയം ഒരിടവേളക്ക് ശേഷം വയനാട്ടിലും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുകയാണ്. ഇന്ന് (30.09.20) രോഗം സ്ഥിരീകരിച്ച 214 പേരില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി നഗരസഭകളിലെ ഏതാനും വാര്‍ഡുകളിലും പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios