ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതായി കടയുടമ പറഞ്ഞു

കോഴിക്കോട്: അളവ് പാകമാകാത്തതിനെ തുടര്‍ന്ന് തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരനെ കഴുത്തില്‍പ്പിടിച്ച് തള്ളിയ ജീവനക്കാരന്‍ അറസ്റ്റില്‍. തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെയാണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവമുണ്ടായത്. അശ്വന്ത് ജോലി ചെയ്യുന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. വസ്ത്രം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് തള്ളുന്നതും ആക്രമിക്കുന്നതും സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
പരാതിക്കാരന്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പിതാവിനൊപ്പമെത്തിയ കുട്ടി ഇവിടെ നിന്നും വസ്ത്രം വാങ്ങിയിരുന്നത്. ഇത് പാകമാകാതെ വന്നതിനാല്‍ മാറ്റിയെടുക്കാന്‍ വന്നപ്പോഴാണ് ആക്രമണമുണ്ടായത്. അതേസമയം ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതായി കടയുടമ പറഞ്ഞു.

ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി എന്നതാണ്. ബില്യൺ ബീസ് കമ്പനി ഡയറക്ടർ മാരിൽ ഒരാളും പ്രധാനപ്രതി ബിബിന്റെ സഹോദരനുമായ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയായ കിഴക്കേ വളപ്പിൽ സുബിനെ (37) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിലൂടെ രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട കാരുമാത്ര സ്വദേശി ഫെബ്രുവരി ഏഴിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്. കാരുമാത്ര സ്വദേശിയെ സുബിനും ബിബിനും ബിബിന്റെ ഭാര്യ ജയയും ഷെയർ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. 2018 ഏപ്രിൽ മുതൽ 2023 ജനുവരി വരെ വിവിധ ബാങ്ക് അക്കൗണ്ടു കളിലേക്ക് പണം വാങ്ങി. ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെയായപ്പോഴാണ് പരാതി നൽകിയത്. പ്രതികൾ ഒളിവിലായിരുന്നു. സുബിൻ കോലോത്തുംപടിയിൽ വന്നതായി റൂറൽ എസ്‌ പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ്‌ പി കെ. ജി സുരേഷ്, ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബിനെ അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം