നാടിനെ മാലിന്യമുക്തമാക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് സ്നേഹസമ്മാനമായി വിമാനയാത്ര ഒരുക്കി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. 30 വനിതാ തൊഴിലാളികളാണ് കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള തങ്ങളുടെ ആദ്യ വിമാനയാത്രയിൽ പങ്കാളികളായത്.
പാലക്കാട്: നാടിനെ മാലിന്യ മുക്തമാക്കുന്ന മുന്നണി പേരാളികൾക്ക് ഗ്രാമ പഞ്ചായത്തിൻ്റെ സ്നേഹ സമ്മാനമായി ആകാശയാത്ര. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം പ്രത്യേകം താത്പര്യമെടുത്ത് സ്വപ്ന യാത്രയൊരുക്കിയത്. ഗ്രാമ പഞ്ചായത്തിലെ വീടുവീടാന്തരം കയറിയിറങ്ങി പ്രതികൂല കാലാവസ്ഥയിലും മാലിന്യ ശേഖരണം നടത്തുന്ന പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നുമുള്ള 30 ഹരിതകർമ്മ സേനാംഗങ്ങളാണ് വിമാന യാത്രയിൽ പങ്കാളികളായത്.
69 വയസുകാരിയായ രത്‌നകുമാരിയും, 66കാരിയായ ഖദീജയും ഉൾപ്പെടെ ജീവിതത്തിൽ ഇന്ന് വരെ വിമാനയാത്ര നടത്തിയിട്ടില്ലാത്തവരാണ് യാത്രയിൽ പങ്കെടുത്തത്. കരിപ്പൂർ എയർപോർട്ടിൽ നിന്നും രാവിലെ കൊച്ചിയിലേക്കാണ് വിമാനയാത്ര നടത്തിയത്. തുടർന്ന് കൊച്ചിൻ മെട്രോ, ബോട്ട് സർവ്വീസ്, വാട്ടർ മെട്രോ, ലുലുമാൾ, സുഭാഷ് പാർക്ക് തുടങ്ങി ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വിസ്മയ കാഴ്ചകൾ യാത്രാംഗങ്ങൾക്ക് ജീവിതത്തിലെ വല്ലാത്ത അനുഭവമായി മാറ്റിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം, പറഞ്ഞു.


