കാസര്‍കോഡ്: കര്‍മനിരതരായി നാടിനെ കാക്കുന്ന പൊലീസുകാര്‍ വന്നൊരു കാര്യം പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ ആകുമോ. അതും വര്‍ഷങ്ങളായി സ്റ്റേഷനുമായുള്ള ബന്ധം കൂടെ പരിഗണിക്കുമ്പോള്‍. തലശേരി ആര്‍ച്ച് ബിഷപ്പ് പിന്നീട് ഒന്നും ആലോചിച്ചില്ല. താമസസൗകര്യത്തിനുള്ള ക്വാട്ടേഴ്‍സ് പണിയാന്‍ വെള്ളരിക്കുണ്ട് പൊലീസിന് പള്ളിവകയായുള്ള 10 സെന്‍റ്  സ്ഥലം ദാനമായി അങ്ങ് നല്‍കി.

ഇനി അവസാന നടപടി ക്രമങ്ങള്‍ കൂടെ പൂര്‍ത്തിയായാല്‍ പൊലീസ് ക്വാട്ടേഴ്‍സ് പള്ളിവക സ്ഥലത്ത് തലയുയര്‍ത്തി തുടങ്ങും. വർഷങ്ങൾക്ക് മുൻപ് വാടക കെട്ടിടത്തിലായിരുന്ന പൊലീസ് സ്റ്റേഷന് ഇടവക പള്ളിവക സ്ഥലത്ത് ഇടം കൊടുത്തതും തലശേരി ആര്‍ച്ച് ബിഷപ്പ് തന്നെയായിരുന്നു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്‌ളവർ ഫെറോന ചർച്ചിന്‍റെ ഉടമസ്തതയിലുള്ള പത്തു സെന്‍റ്  സ്ഥലമാണ് ഇപ്പോള്‍ ദാനമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

1984ൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. അലക്സ് മണക്കാട്ട് ആണ് വെള്ളരിക്കുണ്ട് പൊലീസിന് പത്തു സെന്‍റ് ഭൂമി ആദ്യമായി  ദാനം നൽകിയത്. പള്ളിക്കൊപ്പം പള്ളിക്കൂടം മാത്രമല്ല പൊലീസ് സ്റ്റേഷനും വേണമെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് അന്ന് ബിഷപ്പിന്‍റെ അനുവാദത്തോടെ പൊലീസ്   വകുപ്പിന് വെള്ളരിക്കുണ്ട് പള്ളി സ്ഥലം വിട്ടു നൽകിയത്. പൊലീസ് സ്റ്റേഷന് പുറമെ വാടക കെട്ടിടത്തിലായിരുന്ന സിഐ ഓഫീസിനും പള്ളി തന്നെയാണ് പത്തു സെന്‍റ്  സ്ഥലം ദാനം നൽകിയത്. 

മുന്‍ കാസർകോട് ജില്ലാ പോലീസ് ചീഫായിരുന്ന കെ.ജി. സൈമണ്‍ വെള്ളരിക്കുണ്ടിൽ എത്തിയപ്പോൾ നിലവിലെ വികാരി ഫാ. ആന്‍റണി തെക്കേമുറി യുമായി ചര്‍ച്ച നടത്തിയിരുന്നു. 20 സെന്‍റ്  സ്ഥലമായിരുന്നു ക്വട്ടേഴ്‍സ് നിർമ്മാണത്തിനായി  പൊലീസ് ചീഫ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അഭ്യർത്ഥന എഴുതി വാങ്ങിയ വികാരി അത് അന്തിമ തീരുമാനത്തിനായി ബിഷപ്പിന് കൈമാറി. തുടര്‍ന്ന്  പൊലീസ് വകുപ്പിന് സ്ഥലം വിട്ടു നൽകി നാടിന്‍റെ വികസനത്തിന് കൂടെ നിൽക്കാൻ ബിഷപ്പ് വെള്ളരിക്കുണ്ട് പള്ളി കമ്മറ്റിയോട് നിർദ്ദേശിക്കുകയായിരുന്നു.  

പള്ളികമ്മറ്റി ആ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു.  നിലവിലെ പൊലീസ്‌ സ്റ്റേഷനോട് ചേർന്നുള്ള തെങ്ങിൻ തോപ്പിലാണ് വെള്ളരിക്കുണ്ട് പൊലീസിന് ക്വര്‍ട്ടേഴ്‍സ് കെട്ടിടം നിർമ്മിക്കുക. ഇതിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി  കാഞ്ഞങ്ങാട് ആര്‍ഡിഒ സി. ബിജു സ്ഥലപരിശോധന നടത്തികഴിഞ്ഞു. സ്ഥലം പൊലീസ്‌  വകുപ്പിന്‍റെ കൈവശം കിട്ടിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള മറ്റ്  നടപടികള്‍ കാലതാമസമില്ലാതെ തന്നെ ആരംഭിക്കുമെന്ന് വെള്ളരിക്കുണ്ട് സിഐ എം. സുനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.