കോഴിക്കോട്: വീട്ടമ്മയെ വൈദികൻ പീഡിപ്പിച്ച കേസിൽ താമരശ്ശേരി  രൂപതാ അധികൃതരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ബിഷപ്പിന് രണ്ടു വട്ടം പരാതി നൽകിയിട്ടും കുറ്റക്കാരനായ വൈദികനെതിരെ നടപടിയെടുത്തില്ലെന്ന വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് രൂപതാ അധികൃതരുടെ മൊഴി എടുത്തത്. അതേസമയം കേസിൽ പ്രതിയായ വൈദികൻ ഫാ: മനോജ് പ്ലാക്കൂട്ടത്തെ ഇതുവരെ പിടികൂടാനായിട്ടില്ല.

ചേവായൂർ ഇടവക വികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ ഒരു വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നും ഇതു സംബന്ധിച്ച് താമരശ്ശേരി  ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന് നൽകിയ പരാതി പൂഴ്ത്തിയെന്നുമാണ് 45 കാരിയായ വീട്ടമ്മയുടെ പരാതി. ഇതു സംബന്ധിച്ചാണ് അന്വേഷണ സംഘം താമരശ്ശേരി രൂപത കാര്യാലയത്തിലെത്തി രൂപത അധികൃതരുടെ മൊഴിയെടുത്തത്. ബിഷപ്പ് സ്ഥലത്തില്ലാതിരുന്നതിനാല്‍ ബിഷപ്പിന്റെ മൊഴിയെടുത്തില്ലെന്ന് രൂപത കാര്യാലയം അറിയിച്ചു. 

എന്നാൽ  രൂപത കാര്യാലയത്തിൽ നടന്ന മൊഴിയെടുക്കൽ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അതേസമയം ബലാത്സംഗകേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ചയായിട്ടും പ്രതിയായ വൈദികൻ മനോജ് പ്ലാക്കൂട്ടം എവിടെയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. പീഡനപരാതിയെത്തുടർന്ന് ഇടവക വികാരി സ്ഥാനത്തു നിന്നും മറ്റ് ചുമതലകളിൽ നിന്നും മനോജ് പ്ലാക്കൂട്ടത്തെ രൂപത നീക്കിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ഉപരിപഠനത്തിന് പോയ ഇയാൾ പൊലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയതായാണ് വിവരം. 2017 ജൂൺ 15ന് കോഴിക്കോട് കണ്ണാടിക്കലിലെ ഒരു വീട്ടിൽ വച്ച് ഫാ: മനോജ് തന്നെ പീഡിപ്പിച്ചതായാണ് വീട്ടമ്മ നൽകിയ പരാതി.