മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഥാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ച ശേഷം റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് നിയന്ത്രണം വിട്ട ഥാർ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനും വിദ്യാർഥിക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം. മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഥാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ച ശേഷം റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു. 

അപകടത്തിൽ പരുക്കേറ്റതോടെ ട്യൂഷന്‍ കഴിഞ്ഞ് സത്യന്‍നഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു (12) വിനെയും പൂഴിക്കുന്ന് മടവിള സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജീപ്പിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക്ക് പോസ്റ്റും ഒടിഞ്ഞു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നേമം പൊലീസ് അറിയിച്ചു.