ഡ്രോണ്‍ ഉപയോഗിച്ച് കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്സൈസ് വകുപ്പിനെതിരെ കേസ് 

പാലക്കാട്: വനത്തിനുള്ളിലെ കഞ്ചാവ് കൃഷി ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള എക്സൈസ് വകുപ്പിന്‍റെ ശ്രമം പുലിവാല് പിടിച്ചു. സംഭവത്തില്‍ വനം വകുപ്പ് എക്സൈസ് വകുപ്പിനെതിരെ കേസെടുത്തു. കഴിഞ്ഞ ജൂലൈ 25നാണ് എക്‌സൈസ് വകുപ്പ് വനത്തിനുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വനത്തിനുള്ളില്‍ പരിശോധന നടത്തുന്നതിന് പാലക്കാട് നിന്ന് ഡ്രോണ്‍ വാടകയ്ക്ക് എടുത്താണ് എക്‌സൈസ് സംഘമെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം ഡ്രോണ്‍ ഉപയോഗം അവസാനിപ്പിച്ച് സംഘം മടങ്ങി. ഈ വിവരം ജീവനക്കാര്‍ വഴി വനംവകുപ്പ് അറിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇതിനിടെ പോലീസ് അട്ടപ്പാടിയില്‍ വന്‍ തോതില്‍ കഞ്ചാവ് കൃഷി നശിപ്പിച്ചു. എ.എസ്.പി എസ്. സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് തോട്ടങ്ങളിലെ കഞ്ചാവ് കൃഷി നശിപ്പിച്ചത്.