ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്ന പരാതിയെ തുടർന്ന് തൃശ്ശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെന്റ് സംഘം സ്ഥലം സന്ദർശിച്ചു. താറാവുകളിൽ ബാക്ടീരിയ ബാധയെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പി എം പ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലവടി വേഴപ്രത്ത് കുട്ടപ്പായിയുടെ താറാവുകളെ പരിശോധിക്കാൻ എത്തിയത്. 

താറാവുകളുടെ ആന്തരിക അവയവത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും, ബാക്ടീരിയ ബാധയാകാം മരണകാരണമെന്നും സംഘം പറഞ്ഞു. പരിശോധയ്ക്ക് അയച്ച സാമ്പിൾ മഞ്ഞാടിയിലും, തിരുവനന്തപുരം വൈറോളജി ലാബിലും പരിശോധിച്ചെങ്കിലും പക്ഷിപനി സ്ഥിരീകരിച്ചില്ലെന്ന് വെറ്റിനറി ജില്ല മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു. 

കൂടുതൽ പരിശോധനയ്ക്കായി എടുത്ത സാമ്പിൾ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെന്റിൽ പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനകം പ്രതിരോധ മരുന്ന് നൽകാനാകുമെന്നും കൂടുതൽ പരിശോധനയ്ക്കായി ബ്ലാംഗ്ലൂർ സൗത്ത് ഇന്ത്യ റീജനൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് അയയ്ക്കുമെന്നും സംഘം അറിയിച്ചു.