ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എത്തിച്ച കൊമ്പൻ അവശനിലയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആനയ്ക്ക് വിശ്രമം നൽകാതെ ദേവസ്വം ബോർഡ് എഴുന്നള്ളത്തിന് വിട്ടു നൽകുകയായിരുന്നുവെന്ന് പരാതിയുണ്ട്.
ഇന്നലെ മുതൽ അവശനായിരുന്നു ചന്ദ്രശേഖരൻ. എഴുന്നേല്‍പ്പിക്കാൻ പാപ്പാൻമാർ പലതവണ നോക്കിയിട്ടും നടന്നില്ല. കപ്പിയും കയറും ഉപയോഗിച്ച് ശ്രമിച്ചെങ്കിലും ആനക്ക്എഴുന്നേൽക്കാനായില്ല. വൈകുന്നേരം നാലുമണിയോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്.
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിലെ വെട്ടിക്കാട് ക്ഷേത്രത്തിൽ വർഷങ്ങള്‍ക്ക് മുൻപ് നടയ്ക്കിരുത്തിയതാണ് ചന്ദ്രശേഖരനെ. അൻപത്തിയേഴ് വയസുണ്ട്. കൊമ്പന് കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ആനയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ട പരിചരണം നൽകിയില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
