തൃശൂർ: അമ്പലമായാലും പള്ളിയായാലും പ്രസാദ ഊട്ടിന് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പണം അടച്ച് ഇനി ലൈസന്‍സ് കൈപ്പറ്റണം. അന്നദാനവും പ്രസാദ വിതരണവും നടക്കുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും  പരിശോധന നടത്താനുള്ള അധികാരം ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം മതമേലധ്യക്ഷന്മാർക്ക് കത്തയച്ചു. അന്നദാനം, പ്രസാദ വിതരണം തുടങ്ങി ഭക്ഷ്യ ഇനങ്ങൾ വിതണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ആരാധനാലയങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയെത്തുന്നത്.

2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചും 2011 ലെ ഭക്ഷ്യസുരക്ഷാ (ലൈസന്‍സിംഗ് ആൻഡ് രജിസ്‌ട്രേഷന്‍) റെഗുലേഷന്‍ അനുസരിച്ചുമുള്ള ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമായി നേടിയിരിക്കണമെന്ന് നിർദ്ദേശിച്ച് വിവിധ ക്ഷേത്രം ഭരണസമിതികൾക്കും, തൃശൂർ അതിരൂപതാ ആസ്ഥാനത്തേക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നോട്ടീസ് നൽകി. ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണക്ക് നിലവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് ഉണ്ട്. പരിശോധന മറ്റ് ആരാധനാലയങ്ങളിലും വ്യാപകമാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണിത്. 

നേരത്തെ കർണ്ണാടകയിലെ സുല്‍വാഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍ വിഷാംശം കലർന്ന പ്രസാദം കഴിച്ച് 15 ഭക്തര്‍ മരിച്ച സാഹചര്യത്തില്‍ നടപടി. കഴിഞ്ഞ സെപ്തംബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതിനുള്ള നടപടിക്രമത്തിലേക്ക് കടന്നതെങ്കിലും നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് നിർദ്ദേശം. ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കാതെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തൃശൂർ ജില്ലയിൽ നിന്ന് ദിവസവും പ്രസാദ ഊട്ടും പായസമുൾപ്പെടെയുള്ള പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന ഗുരുവായൂർ ദേവസ്വം ബോർഡാണ് ലൈസൻസിനായി ആദ്യം അപേക്ഷ സമർപ്പിച്ചത്. വിവിധ ക്ഷേത്രങ്ങളും കഴിഞ്ഞ ദിവസം അപേക്ഷിച്ചിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിനോടും തൃശൂർ അതിരൂപതയോടും തങ്ങളുടെ കീഴിലും നിയന്ത്രണത്തിലും വരുന്ന ആരാധനാലയങ്ങളുടെ വിശദാംശങ്ങൾ നൽകാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതിവർഷ ലൈസൻസിന് 2000 രൂപയും ഒറ്റ ദിവസത്തെ പ്രസാദ ഊട്ട് പോലുള്ളവക്ക് 200 രൂപയുടെ രജിസ്ട്രേഷൻ ഫീസുമാണ് വകുപ്പ് ഇതിനായി ഈടാക്കുക. ഇതോടൊപ്പം വില്‍പ്പന നടത്തുന്ന പ്രസാദമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം കാത്തു സൂക്ഷിക്കണമെന്നും പ്രസാദ നിര്‍മ്മാണത്തിനായി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വാങ്ങാവൂവെന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണെന്നും നിർദ്ദേശത്തിലുണ്ട്. ആരാധനാലയങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലും സ്റ്റോര്‍ റൂമുകളിലും നിയമാനുസൃതമായുള്ള സുരക്ഷകള്‍ പാലിക്കേണ്ടതും വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയങ്ങളുടെ അധികൃതര്‍ ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്. 

ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യുന്നതിനും ഭക്തര്‍ക്ക് കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം ഉപയോഗ്യയോഗ്യമായിരിക്കണം. നിശ്ചിത ഇടവേളകളില്‍ ജലത്തിന്‍റെ പരിശോധന നടത്തി യോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതും ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുമാണെന്നതടക്കമുള്ള നിർദ്ദേശങ്ങളും വകുപ്പ് നോട്ടീസിൽ വ്യക്തമാക്കുന്നു.

Read More

ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെങ്കില്‍ ആരാധനാലയങ്ങളും ലെെസന്‍സ് എടുക്കണം