തൃണമൂൽ കോൺഗ്രസിന്റെ തൊഴിലാളി യൂണിയന‌് റെയിൽവേയിൽ വിവിധ തസ‌്തികളിൽ 500 പേരെ എടുക്കാൻ കഴിയുമെന്നും ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നു. രാമചന്ദ്രൻ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണെന്ന‌് പരിചയപ്പെടുത്തിയാണ‌് ജോലി ഒഴിവിന്റെ വിവരം മറ്റുള്ളവർക്ക‌് കൈമാറിയത‌്

ആലപ്പുഴ: റെയിൽവേയിൽ ജോലി വാഗ‌്ദാനം ചെയ‌്ത‌് തട്ടിപ്പു നടത്താനെത്തിയ സംഘത്തെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. പുന്നപ്ര രാമനിലയത്തിൽ രാമചന്ദ്രൻ (57), ചെർപ്പുളശേരി പുല്ലാനിക്കൽ അബൂബക്കൾ സിദ്ദിഖ‌് (50), പശ്ചിമബംഗാൾ സ്വദേശി സബീർ (28) എന്നിവരെയാണ‌് മുല്ലയ‌്ക്കൽ നരസിംഹപുരം ലോഡ‌്ജിൽ നിന്ന‌് അറസ‌്റ്റ‌്ചെയ‌്തത‌്. ഇവരെ കോടതിയിൽ ഹാജരാക്കി.

രാമചന്ദ്രനിൽ നിന്ന‌് ലഭിച്ച വിവരം പലരിൽ നിന്നായി അറിഞ്ഞവരാണ‌് റിക്രൂട്ട‌്മെന്റിനെത്തിയത‌്‌. വിവരം ലഭിച്ചവർ സുഹൃത്തുക്കൾക്ക‌് കൈമാറി. കാവാലം, പുളിങ്കുന്ന‌്, മുഹമ്മ, കായിപ്പുറം ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു കൂടുതലും. തൃണമൂൽ കോൺഗ്രസിന്റെ തൊഴിലാളി യൂണിയന‌് റെയിൽവേയിൽ വിവിധ തസ‌്തികളിൽ 500 പേരെ എടുക്കാൻ കഴിയുമെന്നും ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നു. രാമചന്ദ്രൻ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണെന്ന‌് പരിചയപ്പെടുത്തിയാണ‌് ജോലി ഒഴിവിന്റെ വിവരം മറ്റുള്ളവർക്ക‌് കൈമാറിയത‌്.

നിയമന ഉത്തരവ‌് ലഭിച്ചശേഷം മാത്രം പണം നൽകിയാൽ മതിയെന്നും ഇവരോടു പറഞ്ഞു. സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽരേഖ, സ്വന്തം പേരിൽ വാങ്ങിയ 100 രൂപയുടെ എഴുതാത്ത മുദ്രപത്രവും കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. കുറച്ചുപേർ രേഖകൾ കൈമാറിയെങ്കിലും ഇവ പിന്നീട‌് പൊലീസ‌് കണ്ടെടുത്തു. തൂപ്പുജോലി മുതൽ വിവിധ തസ‌്തികകളിലേക്ക‌് ഒഴിവുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത‌്. ബിടെക‌് പാസായവരുൾപ്പെടെ മുപ്പതോളം പേർ ലോഡ‌്ജിൽ എത്തി. 

തട്ടിപ്പുസംഘം ഉദ്യോഗാർഥികളുമായി സംസാരിക്കുന്നതിനിടെ ഇത്രയും പേരെ കണ്ട ലോഡ‌്ജ‌് അധികൃതർ സംശയം തോന്നി പൊലീസിൽ അറിയിച്ചു. സൗത്ത‌് പൊലീസ‌് എത്തി കസ‌്റ്റഡിയിലെടുത്തവരെ ഡിവൈഎസ‌്പി ഓഫീസിലെത്തിച്ച‌് ചോദ്യം ചെയ‌്തശേഷം ഉദ്യോഗാർഥികളുടെ പരാതിയിൽ അറസ‌്റ്റ‌് രേഖപ്പെടുത്തി. തൃണമൂൽ കോൺഗ്രസിലേക്ക‌് ആളെ ചേർക്കാനുള്ള യോഗമായിരുന്നുവെന്ന‌ാണ‌് അറസ‌്റ്റിലായവർ ആദ്യം മൊഴി നൽകിയത‌്. ഉദ്യോഗാർഥികൾ ജോലിക്കാര്യം പറഞ്ഞതോടെ വാദം പൊളിഞ്ഞു. ആറുവർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നയാളാണ‌് സബീർ.