രണ്ട് മാസം മുമ്പാണ് മരം മുറി തൊഴിലാളിയായ റഷീദിന് പരിക്കേറ്റ നിലയിൽ കാക്കയെ ലഭിച്ചത്. തുടർന്ന് അതിന് വേണ്ട പരിചരണം നൽകി... 

മലപ്പുറം: ജീവൻ രക്ഷിച്ച മനുഷ്യനെ ജീവനോളം സ്നേഹിക്കുകയാണ് ഒരു കക്കയും പരുന്തും. പുൽവെട്ട ചിറക്കൽ കുണ്ടിലെ റഷീദിനാണ് ജീവനോളം സ്നേഹിക്കുന്ന കാക്കയും പരുന്തുമുള്ളത്. റഷീദ് വിളിച്ചാൽ കാക്ക പറന്നുവന്ന് വലതു ചുമലിലിരിക്കും, പരുന്ത് ഇടത് ചുമലിലും. ഇവരുടെ ആത്മ ബന്ധത്തിന് പിന്നിൽ ഒരു കഥയുണ്ട്. 

രണ്ട് മാസം മുമ്പാണ് മരം മുറി തൊഴിലാളിയായ റഷീദിന് പരിക്കേറ്റ നിലയിൽ കാക്കയെ ലഭിച്ചത്. തുടർന്ന് അതിന് വേണ്ട പരിചരണം നൽകി. പറക്കാനായതും കാക്ക പറന്നുപോകാതെ റഷീദിന്റെ കൂടെ ആയി. പരുന്തിനെയും റഷീദിന് പരിക്കേറ്റ നിലയിലാണ് ലഭിച്ചത്. വൈദ്യുതി കമ്പിയിൽ കുടുങ്ങിയ ഇതിനെയും പരിചരിച്ചു. അങ്ങനെ കാക്കയെ പോലെ റഷീദിന്റെ ഈ പരുന്തും ഇദ്ദേഹത്തെ വിടാതെ കൂടും. 

തൊട്ടടുത്ത അങ്ങാടിയിലെത്തി വിളിക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിലുള്ള റഷീദിന്റെ ചുമലിലേക്ക് ഇവ പാറിയെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തി വിശ്രമിക്കുമ്പോൾ റഷീദ് ശബ്ദമുണ്ടാക്കും, കൈയടിക്കും. ഉടനെ ഇരുവരും പറന്നെത്തും. റഷീദ് തീറ്റ നൽകിയാലേ പിന്നെ തിരികെ പോകൂ. വീട്ടിലെ കോഴികൾക്കും ഇരുവരും പരിചിതരാണിപ്പോൾ. ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് കെ.പി റഷീദ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona