കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്താനിരുന്ന താമരശേരി ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ് മാള്‍ തറക്കല്ലിടല്‍ ഹൈക്കോടതി തടഞ്ഞു. എല്‍ ഡി എഫിലെ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ പി.എം ജയേഷ്, എ.പി. മുസ്തഫ, മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റിയ്ക്ക് വേണ്ടി ബി.ആര്‍. ബെന്നി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

യാതൊരുവിധ അനുമതിയും തേടാതെയും, എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെയും, കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാതെയുമാണ് ഉദ്ഘാടന
പരിപാടിയെന്ന് ആരോപിച്ചാണ് നടപടി. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി നാളെ നാലുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കൊണ്ട് മാളിന് തറക്കല്ലിടല്‍ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി തടഞ്ഞത്.

തറക്കല്ലിടല്‍ തീരുമാനിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ച്  ഒരു മാസത്തിനു ശേഷം ഓണ്‍ലൈനില്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തെന്ന് മിനുട്‌സില്‍ എഴുതി ചേര്‍ത്തത് ഏറെ വിവാദമായിരുന്നു. ഇതിനിടെ പദ്ധതിക്ക് യാതൊരു വിധ അനുമതിയും ഇല്ലെന്ന വിവരാവകാശ രേഖയും പുറത്ത് വന്നിരുന്നു.