ഓഫീസില്‍ എത്തിയ നാട്ടുകരാണ് ഉദ്യോഗസ്ഥനെ അബോധാവസ്ഥയിലും ഇടനിലക്കാരനെ മദ്യപിച്ച നിലയിൽ മറ്റൊരു ഉദ്യോഗസ്ഥന്റ കസേരയിലും ഇരിക്കുന്നത് കണ്ടത്. 

ഇടുക്കി: മൂന്നാര്‍ വട്ടവട വില്ലേജ് ഓഫീസില്‍ മദ്യ ലഹരിയിലായിരുന്ന ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാര്‍ കൈയോടെ പിടികുടി. വട്ടവട വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജിഷ് ആണ് മദ്യപിച്ച് ഓഫീസില്‍ അബോധാവസ്ഥയിലായിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

വില്ലേജ് ഓഫീസില്‍ കരം അടയ്ക്കാന്‍ എത്തിയ ആളാണ് മദ്യലഹരിയില്‍ ഓഫീസറെ കണ്ടത്. തുടര്‍ന്ന് സമീപത്തുള്ള നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഓഫീസിന് പുറത്ത് മദ്യകുപ്പി കണ്ടെത്തി. വില്ലേജ് ഓഫീസര്‍ അവധിയായിരുന്നതിനാല്‍ റെജിഷ് മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. 

ഓഫീസില്‍ എത്തിയ നാട്ടുകരാണ് ഉദ്യോഗസ്ഥനെ അബോധാവസ്ഥയിലും ഇടനിലക്കാരനെ മദ്യപിച്ച നിലയിൽ മറ്റൊരു ഉദ്യോഗസ്ഥന്റ കസേരയിലും ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ദേവികുളം സബ്കളക്ടറെയും തഹസില്‍ദാറെയും വിവരം അറിയിച്ചു. ദേവികുളം തഹസില്‍ദാര്‍ ഷാഹിന രാമകൃഷ്ണന്‍ വട്ടവട വില്ലേജ് ഒഫിസില്‍ എത്തിയെങ്കിലും ഇയാള്‍ താമസസ്ഥലത്തേക്ക് പോയിരിന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.