Asianet News MalayalamAsianet News Malayalam

തടവുകാരെ കുത്തിനിറച്ചത് രോഗവ്യാപനമുണ്ടാക്കി; വൈത്തിരി സബ്ജയില്‍ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു

16 പേരെ താമസിപ്പിക്കാന്‍ അനുമതിയുള്ള ജയിലില്‍ 44 തടവുകാരുണ്ടായിരുന്നു. രണ്ടുപേര്‍ക്കുള്ള സെല്ലില്‍ എട്ടുപേര്‍ വരെ താമസിച്ചു. മൂന്നുപേര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

The medical team visited Vaithiri Sub jail
Author
Kalpetta, First Published Oct 26, 2021, 12:13 PM IST

കല്‍പ്പറ്റ: വൈത്തിരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരെ കുത്തി നിറച്ച് പാര്‍പ്പിച്ചത് കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്ന് ഇവിടം സന്ദര്‍ശിച്ച മെഡിക്കല്‍ സംഘം വിലയിരുത്തി. വൈത്തിരി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ഷെറിന്‍ ജോസ് സേവ്യറുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ജയില്‍ സന്ദര്‍ശിച്ചത്. 44 തടവുകാരില്‍ 26 പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മതിയായ സൗകര്യങ്ങളില്ലാത്ത ജയിലില്‍ അനുവദിക്കാവുന്നതിലുമധികം തടവുകാരെ പാര്‍പ്പിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും സമ്പര്‍ക്കവിലക്ക് കൃത്യമായി ഏര്‍പ്പെടുത്തുന്നതിലും ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റി. 

16 പേരെ താമസിപ്പിക്കാന്‍ അനുമതിയുള്ള ജയിലില്‍ 44 തടവുകാരുണ്ടായിരുന്നു. രണ്ടുപേര്‍ക്കുള്ള സെല്ലില്‍ എട്ടുപേര്‍ വരെ താമസിച്ചു. മൂന്നുപേര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമ്പര്‍ക്കവ്യാപനം ഉണ്ടായി. ഇനിയും തടവുകാര്‍ക്കിടയില്‍ രോഗം പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരുടെ അവസ്ഥ തൃപ്തികരമാണെന്ന് ഡോ. ഷെറിന്‍ ജോസ് സേവ്യര്‍ അറിയിച്ചു. രോഗികളില്‍ ഒരാള്‍ ജാമ്യം നേടി പോയതിനാല്‍ 25 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

മെഡിക്കല്‍ സംഘം ജയില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. രോഗം  സ്ഥിരീകരിക്കാത്ത മുഴുവന്‍ തടവുകാരോടും നവംബര്‍ ഒന്നിന് സ്രവപരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രോഗബാധിതരെ അഞ്ചു സെല്ലുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മറ്റ് തടവുകാരെ മൂന്നു സെല്ലുകളിലായി താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് നഴ്സ് കെഎം നബീസ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെബി ശ്രീജിത്ത്, ജെപിഎച്ച്എന്‍ ടി ഹസീന എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

അതേസമയം കൊവിഡ് വ്യാപനം സംബന്ധിച്ച് ഡിഐജി റിപ്പോര്‍ട്ട് തേടി. സൗകര്യങ്ങള്‍ ഇല്ലാത്തിടത്ത് തടവുകാരെ കൂട്ടമായി പാര്‍പ്പിച്ചതില്‍ വീഴ്ചയുണ്ടായെന്നാണ് ഉന്നതദ്യോഗസ്ഥരും വിലയിരുത്തിയിട്ടുള്ളതെന്നാണ് വിവരം. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പുതിയ തടവുകാരെ മാനന്തവാടി ജില്ലാജയിലില്‍ പ്രവേശിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios