Asianet News MalayalamAsianet News Malayalam

തലകുത്തിമറിഞ്ഞ് ഈ ഒന്‍പതുകാരന്‍ നേടിയത് ലോക റെക്കോര്‍ഡ്

തലകുത്തിമറിഞ്ഞ് ഈ ഒന്‍പതുകാരന്‍ നേടിയത് ലോക റെക്കോര്‍ഡ്. മുപ്പത് മിനിറ്റിൽ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞാണ് ആലപ്പുഴ കാർമ്മൽ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ നീലകണ്ഠൻ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിനുടമയായത്

The nine-year-old set a world record alapuzha
Author
Kerala, First Published Feb 5, 2021, 12:04 AM IST

ആലപ്പുഴ: തലകുത്തിമറിഞ്ഞ് ഈ ഒന്‍പതുകാരന്‍ നേടിയത് ലോക റെക്കോര്‍ഡ്. മുപ്പത് മിനിറ്റിൽ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞാണ് ആലപ്പുഴ കാർമ്മൽ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ നീലകണ്ഠൻ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിനുടമയായത്.

കിടങ്ങാംപറമ്പ് കൈലാസത്തിൽ വിമുക്തഭടനും എൻസിസി ഉദ്യോഗസ്ഥനുമായ മഹേഷ് കുമാറിന്റെയും സുചിത്രയുടെയും മകനാണഅ നീലകണ്ഠൻ. സഹോദരി വൈഷ്ണവിയും കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്.  ചേർത്തലയിലെ ഏകവീര കളരിപ്പയറ്റ് അക്കാദമിയിൽ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് നീലകണ്ഠൻ മുപ്പത് മിനിറ്റിനുള്ളിൽ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ് റെക്കോഡ് സ്ഥാപിച്ചത്. 

ഏലൂർ എൻസിസി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ എറണാകുളം മേഖല എൻസിസി കമാൻഡറായ ആർ ആർ അയ്യരിൽ നിന്നും നീലകണ്ഠൻ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 

ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ 2018- 19ൽ രണ്ട് മെഡലുകളും 2019-20 ൽ മൂന്ന് മെഡലുകളും കരസ്ഥമാക്കിയ നീലകണ്ഠൻ തമിഴ്നാടിന്റെ ആയോധനകലയായ സിലിംബാട്ടത്തിൽ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. 

2020-ൽ ഓൺലൈനായി നടത്തിയ അത്തർ ബാപ്പു ഗുരുക്കൾ സ്മാരക കളം ചവിട്ട് സമ്പ്രദായത്തിൽ പത്തോളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത വടി വീശിനത്തിൽ ഒന്നാം സ്ഥാനവും നീലകണ്ഠൻ കരസ്ഥമാക്കിയിട്ടുണ്ട്. 

കുറെനാളുകളായി റെക്കോഡ് ലക്ഷ്യം വച്ചുള്ള പരിശീലനമാണ് നീലകണ്ടൻ നടത്തിയിരുന്നതെന്ന് നീലകണ്ഠന്റെ അച്ഛൻ മഹേഷ് കുമാറും പരിശീലകൻ ഹരികൃഷ്ണനും  പറഞ്ഞു. നിലകണ്ഠന്റെ പരിശീലകൻ ഹരികൃഷ്ണനും നിരവധി റെക്കോർഡുകളുടെ ഉടമയാണ്.

Follow Us:
Download App:
  • android
  • ios