പാതയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിൽ വാഹനങ്ങളാണ് ഇവിടേക്ക് വരുന്നത്. ഇതുമൂലം സന്ദർശനത്തിനെത്തുന്നവരും തിരികെ പോകുന്നവരും മണിക്കൂറുകളോളം കുരുക്കിൽപ്പെടേണ്ടിവരുന്നു. 

ആലപ്പുഴ: തീരദേശത്തിന്റെ വികസനത്തിനും വിനോദസഞ്ചാരത്തിന്റെ കുതിപ്പിനും വഴിയൊരുക്കി ആലപ്പുഴ (Alappuzha), കൊല്ലം (Kolla,) ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം ഉദ്ഘാടനം ചെയ്തതോടുകൂടി തീരദേശപാതയിൽ (Coastal Road) ഗതാഗതക്കുരുക്ക് (Traffic Block) രൂക്ഷമായി. വലിയഴീക്കലേക്കുളള സഞ്ചാരികളുടെ എണ്ണം അനിയന്ത്രിതമായി കൂടിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

പാതയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിൽ വാഹനങ്ങളാണ് ഇവിടേക്ക് വരുന്നത്. ഇതുമൂലം സന്ദർശനത്തിനെത്തുന്നവരും തിരികെ പോകുന്നവരും മണിക്കൂറുകളോളം കുരുക്കിൽപ്പെടേണ്ടിവരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് വലിയഴീക്കൽ മുതൽ പെരുമ്പള്ളിവരെ നാലുകിലോമീറ്ററോളം ദൂരമാണു വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ചെറിയ ആശ്വാസമെന്ന നിലയിൽ വലിയഴീക്കൽ ജയറാം നഗറിൽനിന്ന് കിഴക്കോട്ടുപോയി മഹാദേവക്ഷേത്രം വഴി തിരികെ തീരദേശപാതയിൽത്തന്നെ തറയിൽക്കടവ് ജങ്ഷനിൽ എത്തുന്ന ഗ്രാമീണപാത വഴി കുറച്ചുവാഹനങ്ങൾ തിരിച്ചുവിട്ടിട്ടുപോലും ഗതാഗതക്കുരുക്കിനു കാര്യമായ കുറവുണ്ടായില്ല. 

വലിയഴീക്കലേക്ക് സഞ്ചാരികൾ നേരത്തേ തന്നെ എത്താറുണ്ടായിരുന്നു. പാലവും ലൈറ്റ് ഹൗസും യാഥാർഥ്യമായതോടെ ഇവിടത്തെ മുഖച്ഛായ മാറി. ഇതോടെ സന്ദർശകരുടെ എണ്ണം പതിന്മടങ്ങു വർധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഞായറാഴ്ചയുടെയും അവധി ദിവസങ്ങളുടെയും വൈകുന്നേരങ്ങളിൽ സഞ്ചാരികൾ കൂട്ടത്തോടെ ഇങ്ങോട്ടെത്തുകയാണ്. മറ്റുജില്ലകളിൽ നിന്നുപോലും ധാരാളംപേർ വരുന്നുണ്ട്. തീരദേശ പാതയ്ക്കു വീതികുറവാണ്. ഇതിനൊപ്പം വലിയഴീക്കൽ മുതൽ തറയിൽക്കടവു വരെ റോഡിന്റെ വശങ്ങളിൽ പലയിടങ്ങളിലും കടലേറ്റത്തിൽ അടിച്ചു കയറ്റിയ മണലും കൂട്ടിവെച്ചിരിക്കുന്നു. ഇതും കുരുക്കു രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. 

പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു മണൽ മാറ്റുമെന്ന് കരുതിയിരുന്നതാണ്. എന്നാൽ, നടപടിയൊന്നുമുണ്ടായില്ല. പാതയിലെ ഗതാഗതക്കുരുക്കു വലിയഴീക്കൽ പാലത്തിലേക്കും നീളുന്നുണ്ട്. ഇവിടെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇരുകരകളിൽനിന്നുമുള്ള ആളുകൾ കൂട്ടത്തോടെ പാലത്തിലേക്കെത്തുന്നുണ്ട്. പാലത്തിൽനിന്ന് കാഴ്ചകൾ കാണാൻ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു. അവധി ദിവസങ്ങളിൽ വൈകുന്നേരം വാഹന നിയന്ത്രണം ഏർപ്പെടുത്തിയാൽ പാലത്തിലെ കുരുക്കു കുറയ്ക്കാൻ കഴിയും. 

കായലിനും കടലിനുമിടക്കുളള ചെറിയ പ്രദേശമാണിവിടം. ഇവിടുത്തെ താമസക്കാർക്കു പുറത്തേക്കു പോകണമെങ്കിൽ തീരദേശ പാത മാത്രമാണ് ആശ്രയം. അതിനാൽ ഗതാഗതക്കുരുക്ക് വലിയതോതിൽ ഇവിടുത്തെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തേക്കു പോകാൻ പോലും ഇവർ ബുദ്ധിമുട്ടുകയാണ്.

ഏഷ്യയിലെ നമ്പർ വൺ ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്ട്രിങ് പാലം വലിയഴീക്കലിൽ

ആലപ്പുഴ: ആലപ്പുഴക്കാരുടെ (Alappuzha) ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലം യാഥാർത്ഥ്യമായി. തീരദേശ ഹൈവേയുടെ ഭാ​ഗമാണ് വലിയഴീക്കൽ പാലം. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില് ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവ‍ർക്കും യാത്രയിൽ 25 കിലോമീറ്റ‍ർ ദൂരം കുറയും. അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 2016ലാണ് പാലം നി‍ർമ്മാണം ആരംഭിച്ചത്. 

139.35 രൂപ ചെലവിൽ നി‍ർമ്മിച്ച പാലത്തിന് 981 മീറ്റർ നീളമുണ്ട്. അനുബന്ധപാത കൂടി ചേ‍ർത്താൽ നീളം 1.216 കി.മീ ആകും. ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത മൂന്ന് ആർച്ച് സ്പാനുകള്‍ക്ക് 110 മീറ്റർ നീളമുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നാണ് ഈ ആ‍ർച്ച് സ്പാനുകൾ. ആകെ 29 സ്പാനുകളാണ് പാലത്തിലുള്ളത്. ചെറിയ കപ്പലുകളും ബാർജുകളും അടിയിലൂടെ കടന്നു പോകത്തക്ക വിധത്തിലാണ് പാലത്തിന്റെ നി‍ർമ്മാണം. ബി.എം.സി നിലവാരത്തിലാണ് അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.

മാക് അലോയ് ടെൻഷൻ റോഡ് ഉപയോഗിച്ചാണ് വാഹനങ്ങളുടേയും ഡക്ക് സ്ലാബിൻ്റേയും ഭാരം ആർച്ചുകളിലേയ്ക്ക് നൽകുന്നത്. ഇത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പാലം നിര്‍മ്മിച്ചത്. പാലത്തിലുടനീളം 1.5 കോടി രൂപ ചെലവിൽ സോളാർ ലാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സ്റ്റ്രക്‌ചറൽ എൻജിനീയർമാരിൽ ഒരാളായ ഡോ. പി.കെ. അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്. ഐഐറ്റി മദ്രാസിൽ അയച്ച് പ്ലാൻ പ്രൂഫ് ചെക്ക് ചെയ്തശേഷമാണ് നി‍ർമ്മാണം ആരംഭിച്ചത്.

ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് ഇത്. ചൈനയിലെ 1741 മീറ്റർ നീളമുള്ള ഷാവോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവും വലിയഴീക്കലിലേതാണ്. 
അതേസമയം തെക്കനേഷ്യയിലെ ഒന്നാമത്തെതും വലിയഴീക്കൽ തന്നെ. അതേസമയം ആലപ്പുഴ കൊല്ലം ജില്ലകളിലെ ടൂറിസം വികനസത്തിനുള്ള സാധ്യത കൂടി വലിയഴീക്കൽ പാലം തുറന്നിടുന്നു.