ആക്രിക്കടയിൽ നിന്നു വാങ്ങിയ പഴയ സൈക്കിൾ രൂപമാറ്റം വരുത്തി വിദ്യാർഥി നിർമിച്ച ഇലക്ട്രിക് സൈക്കിൾ കൗതുകമാകുന്നു
ഹരിപ്പാട്: ആക്രിക്കടയിൽ നിന്നു വാങ്ങിയ പഴയ സൈക്കിൾ രൂപമാറ്റം വരുത്തി വിദ്യാർഥി നിർമിച്ച ഇലക്ട്രിക് സൈക്കിൾ കൗതുകമാകുന്നു. പൊത്തപ്പള്ളി കെകെകെവിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും, പൊത്തപ്പള്ളി വടക്ക് ദാറുൽ ഇഹ്സാൻ വീട്ടിൽ ഹുസൈൻ -ഹബീബ ദമ്പതികളുടെ മകനുമായ മുഹമ്മദ് യാസിനാണ് ഇലക്ട്രിക് സൈക്കിൾ രൂപകൽപന നടത്തി ഉപയോഗിക്കുന്നത്.
പുകയില്ലാത്ത പരിസ്ഥിതി സൗഹൃദ വാഹനം നിർമിക്കണമെന്ന ആഗ്രഹമാണ് യാസിനെ ഇലക്ട്രിക് സൈക്കിൾ നിർമാണത്തിന് പ്രേരിപ്പിച്ചത്. ലൂണാ മോപ്പഡിന്റെ ടയറുകളും12 വോൾട്ടിന്റെ നാല് ബാറ്ററികളും ഷോക് അബ്സോർബറും ഫിറ്റ് ചെയ്താണ് ഇലക്ട്രിക് സൈക്കിൾ രൂപകൽപന ചെയ്തത്.
വെൽഡിങ് വർക്ക് ഷോപ്പിൽ സഹായം തേടിയതൊഴിച്ചാൽ ബാക്കിയെല്ലാം സ്വയം നിർമിക്കുകയായിരുന്നു. മൂന്നു മാസത്തെ പ്രയത്നത്തിന്റെ ഫലമായി നിർമിച്ച ഇലക്ട്രിക് സൈക്കിൾ നാലു മണിക്കൂർ ചാർജ് ചെയ്താൽ 25 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്ന് മുഹമ്മദ് യാസിന്റെ അനുഭവ സാക്ഷ്യം.
പള്ളിയിലും മറ്റും ഇലക്ട്രിക് സൈക്കിളാണ് യാത്ര. 30 കിലോമീറ്റർ വേഗത കിട്ടുമെന്നും യാസിൻ അവകാശപ്പെടുന്നു. മുഹമ്മദ് യാസിന്റെ ഇലക്ട്രിക് സൈക്കിൾ യാത്ര നാട്ടിലെ കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ്.
ഗ്രാസ് കട്ടിങ് മെഷീൻ, സാനിടൈസർ സ്റ്റാൻഡ്, എന്നിവയും ആക്രിക്കടയിൽ നിന്നു ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ച് യാസിൻ നിർമിച്ചിട്ടുണ്ട്. ഇലക്ട്രിക് കാർ നിർമിക്കുക എന്നതാണ് മുഹമ്മദ് യാസിന്റെ അടുത്ത ആഗ്രഹം.
