ചെറുപ്പം മുതല്‍ തന്നെ കായിക ഇനങ്ങളില്‍ താത്പര്യമുള്ളയാളായിരുന്നു സുനില്‍. വിദ്യാഭ്യാസ കാലത്തും സര്‍വീസിലിരുന്നുകൊണ്ടും സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഒട്ടേറെ മീറ്റുകളില്‍ പങ്കെടുത്തു. വിരമിച്ച ശേഷവും ഇദ്ദേഹം സജീവമാണ്.
മലപ്പുറം: വ്യായാമത്തിന് പ്രായം തടസ്സമല്ലെന്നും ഏത് പ്രായത്തിലും അവരവര്‍ക്ക് കഴിയുന്ന തരത്തില്‍ വ്യായാമം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് റിട്ടയേര്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പൂക്കോട്ടുംപാടം തരിശ് കൂരാടന്‍ വീട്ടില്‍ പി സി സുനില്‍ കുമാര്‍. 59ാം ജന്മദിനത്തില്‍ 59 കിലോമീറ്റര്‍ ഓടിയാണ് അദ്ദേഹം മറ്റുള്ളവർക്ക് പ്രചോദനമാകുന്നത്.
നിത്യജീവിതത്തില്‍ വ്യായാമത്തിന്റെ ആവശ്യകത ബോധവത്കരിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ചെറുപ്പം മുതല്‍ തന്നെ കായിക ഇനങ്ങളില്‍ താത്പര്യമുള്ളയാളായിരുന്നു സുനില്‍. വിദ്യാഭ്യാസ കാലത്തും സര്‍വീസിലിരുന്നുകൊണ്ടും സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഒട്ടേറെ മീറ്റുകളില്‍ പങ്കെടുത്തു. വിരമിച്ച ശേഷവും ഇദ്ദേഹം സജീവമാണ്.
59ാം പിറന്നാള്‍ ദിവസമായ ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് ചോക്കാട് കല്ലാമൂലയില്‍ നിന്ന് ഓട്ടം തുടങ്ങി അമരമ്പലം, കരുളായി, വണ്ടൂര്‍, കാളികാവ്, ചോക്കാട്, പഞ്ചായത്തുകളിലൂടെയും നിലമ്പൂര്‍ നഗരസഭയിലൂടെയും ഓടി 59 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് രാവിലെ 7.30 ഓടെ പൂക്കോട്ടുംപാടം ഹൈ സ്‌കൂളില്‍ ഓട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഉധ്യമം പൂര്‍ത്തീകരിച്ച പി സി സുനില്‍ കുമാറിനെ പൂക്കോട്ടുംപാടത്തെ കായിക പ്രേമികള്‍ ആദരിച്ചു. കായിക അധ്യാപകനായ ഡി ടി മുജീബ് പൊന്നാട അണിയിച്ചു. പൂക്കോട്ടുംപാടത്തെ ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പിറന്നാള്‍ ആഘോഷവും നടന്നു. കഴിഞ്ഞ നവംബർ ഒന്നിന് അമരമ്പലം പഞ്ചായത്ത് ലഹരിക്കെതിരെ യുവാക്കളെ അണിനിരത്തി നടത്തിയ മാരത്തോണിനും നേതൃത്വം നല്‍കിയിരുന്നു. ശ്രീലങ്ക, മലേഷ്യ, ഹരിയാന എന്നിവിടങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
