മൂന്നാര്‍: മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ട്രാഫിക്ക് കുരുക്കും പതിവായി. ഒരു മണിക്കൂര്‍ യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ എടുക്കുന്നത് നാല് മണിക്കൂര്‍. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗിയുമായിപോയ ആംബുലന്‍സും ട്രാഫിക്ക് കുരുക്കില്‍ അകപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ അയഞ്ഞതാണ് മൂന്നാറിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കാന്‍ കാരണം. 

മൂന്നാറിലെ ഹോട്ടലുകള്‍ ഹോം സ്‌റ്റേകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഏഴുവരെ മുന്‍കൂര്‍ മുറി ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ മുറികള്‍ നല്‍കുന്നുള്ളു. നേര്യമംഗലം മുതല്‍ മൂന്നാര്‍വരെയുള്ള ദേശീയപാതകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. പ്രധാന വിനോദസഞ്ചാരമേഖലയായ മാട്ടുപ്പെട്ടി, രാജമല, ടോപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും മറിച്ചല്ല സ്ഥിതി. ട്രാഫിക്ക് കുരുക്ക് വര്‍ദ്ധിച്ചതോടെ പലരും പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. 

ഇതിനിടെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് അത്യാസന്ന നിലയിലായ രോഗിയെകൊണ്ട് പോകുകയായിരുന്ന ആംബുലന്‍സ് മണിക്കുറുകളോളം ദേശീയപാതയില്‍ കുരുങ്ങി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ നേത്യത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ബൈപ്പാസുകള്‍ യാഥാര്‍ത്യമാക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. മൂന്നാറിനെ പ്രധാന വിനോദസഞ്ചാരമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവികുളം എംഎല്‍എയടക്കമുള്ള ജനപ്രതിനിധികള്‍ക്ക് കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.