മന്ത്രി എംഎം മണിയടക്കം പ്രതിയായിട്ടുളള അഞ്ചേരി ബേബി കൊലപാതക കേസിന്‍റെ വിചാരണ അട്ടിമറിക്കപ്പെടുന്നതായ് ആരോപണം.

കൊച്ചി: മന്ത്രി എംഎം മണിയടക്കം പ്രതിയായിട്ടുളള അഞ്ചേരി ബേബി കൊലപാതക കേസിന്‍റെ വിചാരണ അട്ടിമറിക്കപ്പെടുന്നതായ് ആരോപണം. കേസ് നടത്തിയിരുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി പകരം പാർട്ടി അഭിഭാഷകനെ നിയമിച്ചാണ് അട്ടിമറി ശ്രമമെന്നും കൊല്ലപ്പെട്ട ബേബിയുടെ സഹോദരൻ അഞ്ചേരി ജോർജ്ജ് ആരോപിക്കുന്നു.

എംഎം മണിയുടെ വിവാദമായ വൺ, ടൂ, ത്രീ പ്രസംഗത്തെ തുടർന്ന് പുനരന്വേഷണം നടത്തി ചാർജ്ജ് ചെയ്ത കേസിന്‍റെ വിചാരണയാണ് അട്ടിമറിക്കുന്നതായ് ആരോപണം. കേസിൽ എംഎം മണി രണ്ടാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അഞ്ചാം പ്രതിയുമാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ശക്തമായ വാദത്തെതുടർന്നാണ് കേസ് തള്ളാതെ തൊടുപുഴ സെഷൻസ് കൊടതി വിചാരണക്കെടുത്തത്. തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ നിന്ന് നേടിയ സ്റ്റേയുടെ കാലാവധി അവസാനിക്കാനിരിക്കെ പ്രോസിക്യൂട്ടറെ മാറ്റിയതാണ് അട്ടിമറി നീക്കമായ് ആരോപിക്കപ്പെടുന്നത്.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമിച്ച സിബി ചേനപ്പാടിയെ മാറ്റി പകരം തൃശൂർ സ്വദേശി എൻകെ ഉണ്ണികൃഷ്ണനെയാണ് പുതിയ പ്രോസിക്യൂട്ടറായ് നിയമിച്ചിരിക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ ബന്ധപ്പെട്ട കേസിന്‍റെ വിചാരണക്കിടെ മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവും സർക്കാർ അട്ടിമറിച്ചു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ജോർജ്ജ് അഞ്ചേരി പറഞ്ഞു.