തന്റെ അവകാശത്തിലുള്ള ഭൂമി എതിര്‍കക്ഷികള്‍ക്ക് പതിച്ച് നല്‍കിയതായി പരാതി ഉന്നയിച്ച് വിധവയുടെ ഒറ്റയാള്‍ സമരം. അടിമാലി മന്നാങ്കണ്ടം വില്ലേജില്‍ മച്ചിപ്ലാവ് സ്വദേശി തുറവുങ്കല്‍ മോളി ഐസക്കാണ് ദേവികുളത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്. താലൂക്ക് സര്‍വ്വേയര്‍ അധികാര ദുര്‍വിനിയോഗം നടത്തി തന്‍റെ ഭൂമി എതിര്‍കക്ഷികള്‍ക്ക് പതിച്ച് നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. 

ഇടുക്കി: തന്റെ അവകാശത്തിലുള്ള ഭൂമി എതിര്‍കക്ഷികള്‍ക്ക് പതിച്ച് നല്‍കിയതായി പരാതി ഉന്നയിച്ച് വിധവയുടെ ഒറ്റയാള്‍ സമരം. അടിമാലി മന്നാങ്കണ്ടം വില്ലേജില്‍ മച്ചിപ്ലാവ് സ്വദേശി തുറവുങ്കല്‍ മോളി ഐസക്കാണ് ദേവികുളത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്. താലൂക്ക് സര്‍വ്വേയര്‍ അധികാര ദുര്‍വിനിയോഗം നടത്തി തന്‍റെ ഭൂമി എതിര്‍കക്ഷികള്‍ക്ക് പതിച്ച് നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. 

അടിമാലി മന്നാങ്കണ്ടം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 5, 7 എന്നീ സ്ഥലങ്ങളിലുള്ള സര്‍വ്വേ നമ്പര്‍ 472/5 ല്‍പ്പെട്ടതും മോളി ഉപയോഗിച്ച് വന്നിരുന്നതുമായ പട്ടയമുള്ള 17 സെന്റ് സ്ഥലമാണ് മറ്റുള്ളവര്‍ക്ക് പതിച്ച് നല്‍കിയതായി ഇവര്‍ ആരോപിക്കുന്നത്. എതിര്‍ കക്ഷികളുമായി സ്ഥലത്തിന്റെ അതിര്‍ത്തിയുടെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് മോളി താലൂക്ക് ഓഫീസില്‍ ചെന്ന് സ്ഥലത്തിന്റെ പുനര്‍ നിര്‍ണ്ണയം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 2015 -ല്‍ പ്രസ്തുത സ്ഥലം സര്‍വ്വേ ചെയ്ത പുനര്‍ നിര്‍ണ്ണയം നടത്തി. 

എന്നാല്‍ പുനര്‍നിര്‍ണ്ണയത്തില്‍ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മോളി ജില്ലാ സര്‍വ്വേ സൂപ്രണ്ടിന് പരാതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രശ്‌നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുവാന്‍ ദേവികുളം സബ് കളക്ടറെ ചുമതലപ്പെടുത്തി. 

2015 മുതല്‍ പ്രശ്‌നപരിഹാരത്തിനായി ദേവികുളം ഓഫീസില്‍ മോളി കയറിയിറങ്ങുകയായിരുന്നു. ഇതിനിടയ്ക്ക് മൂന്ന് ഉദ്യാഗസ്ഥര്‍ മാറി വന്നു. സബ് കളക്ടറിന്റെ പക്കല്‍ ഇക്കാര്യം ഉന്നയിച്ച് നിരവധി തവണ എത്തിയിരിന്നുവെങ്കിലും പരിഹാരമുണ്ടായില്ലെന്നും മോളി പറഞ്ഞു. പുനര്‍ നിര്‍ണ്ണയം നടത്തി സ്ഥലം പതിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് അടിമാലി വില്ലേജ് ഓഫീസ് പടിക്കലും ഈ വയോധിക നേരത്തെ ആറ് ദിവസം സമരം ചെയ്തിരുന്നു.