യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. 

തിരുവനന്തപുരം: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. പേരൂർക്കട കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പേരൂർക്കട ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. .

Add Asianetnews as a Preferred SourcegooglePreferred

ആംബുലൻസ് പൈലറ്റ് അനീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജയപ്രസസ് എന്നിവർ ഉടൻ സ്ഥലത്തെത്തി യുവതിയെ ആംബുലൻസിലേക്ക് മാറ്റി. എന്നാൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജയപ്രസാദിൻ്റെ പരിശോധനയിൽ പ്രസവം നടക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി ആംബുലൻസിനുള്ളിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. രാവിലെ 4.10ന് വിജയപ്രസാദിൻ്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് വിജയപ്രസാദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ആംബുലൻസ് പൈലറ്റ് അനീഷ് ഇരുവരെയും പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.