വീടിന്റെ മുന്‍ഭാഗത്തെ സിസിടിവിയില്‍ പെടാതെ മോഷണം നടത്തിയതിനെ സംബന്ധിച്ച പൊലീസ് സംശയമാണ് ബിജുവിലേക്കെത്തിയത്. വീടിനെക്കുറിച്ച് അറിയുന്നയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിച്ചു. 

റാന്നി: മോഷണക്കേസില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ട വീട്ടുടമസ്ഥന്റെ ബന്ധു അറസ്റ്റില്‍. മോഷണ വിവരം നാട്ടുകാരെയും ബന്ധുക്കളെയും പൊലീസിനെയും അറിയിച്ച ബന്ധുവാണ് വലയിലായത്. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് ഓഗസ്റ്റ് 11ന് മോഷണം നടന്നത്. 22 പവന്‍ സ്വര്‍ണവും 22,000 രൂപയും നഷ്ടപ്പെട്ടിരുന്നു. ബന്ധുവായ ചന്ദ്രമംഗലത്ത് ബിജു ആര്‍ പിള്ളയാണ് പിടിയിലായത്. പരമേശ്വരന്‍ പിള്ളയുടെ സഹോദരന്റെ മകനാണ് പ്രതി. 

ജനല്‍ ഇളക്കിമാറ്റിയാണ് പ്രതി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷ്ടിച്ചത്. പരമേശ്വരന്‍ പിള്ള ആശുപത്രിയിലായതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീട്ടില്‍ എന്തോ ശബ്ദം കേട്ടെന്നും ചെന്നുനോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നെന്നും പ്രതി പരമേശ്വരന്‍ പിള്ളയുടെ മകളെ ഫോണില്‍ അറിയിച്ചു. പിന്നീട് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. സംഭവവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പ് ലഭിച്ചില്ല.

വീടിന്റെ മുന്‍ഭാഗത്തെ സിസിടിവിയില്‍ പെടാതെ മോഷണം നടത്തിയതിനെ സംബന്ധിച്ച പൊലീസ് സംശയമാണ് ബിജുവിലേക്കെത്തിയത്. വീടിനെക്കുറിച്ച് അറിയുന്നയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങി. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona