നിർമാണം നിർത്തിയ വീട്ടിൽ മോഷണം! കൊച്ചിയിൽ പ്രായപൂർത്തിയാവാത്ത മൂന്നുപേരടക്കം ആറുപേർ പിടിയിൽ
നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ

കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം ചോവേലിക്കുടിയിൽ നന്ദു (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്.
കോലഞ്ചേരി പട്ടണത്തിനോട് ചേർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിർമ്മാണസാമഗ്രികൾ മോഷ്ടിച്ചത്. കാർ വാടകയ്ക്ക് എടുത്ത് പല പ്രാവശ്യങ്ങളിലായാണ് മോഷണം നടത്തിയത്. കോലഞ്ചേരിയിൽ തന്നെയുള്ള വിവിധ ആക്രികടകളിലായി മോഷണ വസ്തുക്കൾ വിൽപ്പന നടത്തുകയും ചെയ്തു.
ബേസിൽ സാജുവിന്റെ നാലാമത്തെ മോഷണ കേസാണിത്. ഇൻസ്പെക്ടർ പി. ദിലീഷ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, കെ സജീവ്, സിഒ സജീവ്, എ എസ് ഐമാരായ കെകെ സുരേഷ് കുമാർ, പി.വി എൽദോസ്, ബിജു ജോൺ , എം.ബി സുജിത്ത്, എസ്.സി.പി.ഒ. രാമചന്ദ്രൻ നായർ, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read more: വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തിൽ വർഗീയത കലർത്തി വ്യാജപ്രചാരണം; പൊലീസിൽ പരാതി നൽകി എംഎസ്എഫ്
അതേസമയം, കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി അറസ്റ്റില്‍. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജന്‍ (44) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ശേഷം ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി സി ടി വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടിയത്.
ഈ മാസം 22 നാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രധാന കാണിക്ക ഉള്‍പ്പടെ നാല് കാണിക്കകള്‍ കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. ഓഫീസ് റൂമില്‍ നിന്നും ഒരു പവനോളം സ്വര്‍ണവും കവര്‍ന്നിരുന്നു. മോഷണത്തിന് ശേഷമാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന സി സി ടി വി മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ എടുത്തുകൊണ്ടുപോയി കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ചത്. ഇവ കണ്ടെടുത്ത് ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം