ചെങ്ങന്നൂർ: ചെങ്ങന്നൂർ പുലിയൂർ ബീവറേജിലെ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് മദ്യക്കുപ്പികൾ കവർന്ന കേസിലെ പ്രതികൾ പയ്യന്നൂരിൽ പിടിയിൽ. തിരുവല്ല സ്വദേശി സന്തോഷ്, ചെന്നിത്തല സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായത്. 50 ഓളം മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പുലിയൂർ പാലച്ചുവടിലെ മദ്യവിൽപന ശാലയിൽ പ്രതികള്‍ മോഷണം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ പാലമേല്‍ പണയില്‍ സുരേഷ്ഭവനം സുരേഷ് (45), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേത്ത് സുധാകരന്‍ (58) എന്നിവരെ മര്‍ദ്ദിച്ച് അവശരാക്കി കൈയും കാലും കെട്ടിയിട്ട ശേഷമാണ് രണ്ടംഗ സംഘം മദ്യം കവര്‍ന്നത്. പൂട്ട്പൊളിച്ച് ഔട്ട്‍ലെറ്റിനുള്ളിൽ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികൾ കടത്തിക്കൊണ്ടുപോവുകയായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ ഇവര്‍ തിരുവല്ലയിൽ ആറ് കടകളിൽ മോഷണം നടത്തിയിരുന്നു. പയ്യന്നൂർ മഠത്തുംപടി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നിലും ഈ രണ്ടംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഇരുവരും ജയിലിൽ നിന്നിറങ്ങിയത്. പിടിയിലായ സന്തോഷ്, പോൾ മുത്തൂറ്റ് കേസിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.