കഴിഞ്ഞ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ദേവാലയം അടച്ചിട്ടിരുന്നു. തുടർന്ന് ഇന്ന് പ്രാർത്ഥനകൾക്കായി ദേവാലയം തുറക്കുവാനായി കൈക്കാരൻ എത്തിയപ്പോഴാണ് മുൻ വാതിൽ തകർത്തതായി ശ്രദ്ധയിൽ പെട്ടത്
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പള്ളി കുത്തി തുറന്ന് മോഷണം. നെടുങ്കണ്ടം സന്യാസിയോട തെക്കേകുരിശുമല സെന്റ് പോൾസ് സി എസ് ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000ത്തോളം രൂപ നഷ്ടപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനകൾക്കായി പള്ളി തുറക്കുവാനായി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിയുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പള്ളിയിൽ കുർബാനയുള്ളത്.
കഴിഞ്ഞ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ദേവാലയം അടച്ചിട്ടിരുന്നു. തുടർന്ന് ഇന്ന് പ്രാർത്ഥനകൾക്കായി ദേവാലയം തുറക്കുവാനായി കൈക്കാരൻ എത്തിയപ്പോഴാണ് മുൻ വാതിൽ തകർത്തതായി ശ്രദ്ധയിൽ പെട്ടത്. ഉള്ളിലെ അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയ്ക്കുള്ളിൽ കവറിലായി 45,000 ത്തോളം രൂപ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്ന് 500, 2000 രൂപയുടെ നോട്ടുകൾ മാത്രമാണ് മോഷ്ടാവ് അപഹരിച്ചത്.
100, 50, 10, 20, ചില്ലറത്തുട്ടുകൾ തുടങ്ങിയവ കവറിൽ തന്നെ ഉപേക്ഷിച്ചു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കഴിഞ്ഞ ദിവസവും മേഖലയിൽ വ്യാപകമായി മോഷണം നടന്നിരുന്നു. ട്രാൻസ്ഫോർമർ ഓഫാക്കി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയിലാണ് വീണ്ടും മോഷണം നടന്നത്.
അതേസമയം, പാലക്കാട് കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിന്റെ മൊബൈൽ മോഷ്ടിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിലായിരുന്നു. പത്തിരിപ്പാല നഗരിപ്പുറം നീലാഞ്ചേരി വീട്ടിൽ ദേവദാസ് (55) ആണ് അറസ്റ്റിലായത്.ജൂലൈ 13ന് പുലർച്ചയാണ് മോഷണം നടന്നത്. ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതായിരുന്നു ദേവദാസ്. വാർഡിലെ നഴ്സിംഗ് സ്റ്റേഷന് തൊട്ടടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് മൊബൈൽ ഫോൺ ചാർജിങ്ങിനായി വെച്ചതായിരുന്നു. ഈ സമയത്താണ് രോഗിയുടെ കൂട്ടിരിപ്പുകാരനായ പ്രതി മൊബൈൽ ഫോൺ ആരും കാണാതെ മോഷ്ടിച്ചത്.

