ആലപ്പുഴ: കൊവിഡ് ബാധിച്ച് കെയര്‍ സെന്ററില്‍ കുടുംബാംഗങ്ങള്‍ കഴിയുമ്പോള്‍ വീടിന്റെ കതക് കുത്തി പൊളിച്ച് മോഷണം. നാല പവന്‍ ആഭരണങ്ങളും 6300 രൂപയും കവര്‍ന്നു. കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് കളരിക്കല്‍ വടക്കതില്‍ രാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീടിനുള്ളിലെ ഒരു മുറിയുടെ കതകിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. 

നിര്‍മാണത്തൊഴിലാളിയായ രാജുവിന്റെ മകന്‍ ഷിബു രാജ് സൈന്യത്തിലാണ്. ഇദ്ദേഹവും ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബം കഴിഞ്ഞ നാലിനാണ് നാഗാലാന്‍ഡില്‍ നിന്ന് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിയേണ്ടതിനാല്‍ രാജുവും ഭാര്യയും കായംകുളം ഒ എന്‍ കെ ജംഗ്ഷന് സമീപത്തെ മകളുടെ വീട്ടിലേക്കു മാറിയിരുന്നു. 

13 നാണ് ഷിബുരാജിന് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് ഹരിപ്പാട്ടെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 16ന് വൈകിട്ട് സമീപ വീട്ടുകാര്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്ന വിവരം രാജുവിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തില്‍ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.