തുണിക്കടയിലും ഹോട്ടലിലും പച്ചക്കറി കടയിലും കള്ളനെത്തി, പോകാൻ നേരം 2 ഇറച്ചിക്കടയിലും കയറി; പൊലീസ് അന്വേഷണം
തുണിക്കടയിൽ നിന്നും 50000 രൂപയും ഹോട്ടലിൽ നിന്നും 10000 രൂപയും കവർന്നു.
കൊല്ലം:കൊല്ലം കടയ്ക്കലിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കടകളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യം ഇറച്ചിക്കടയിലെ സിസിടിവിൽ പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരൊറ്റ രാത്രിയിലാണ് കടയ്ക്കലിലെ 5 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. തുണിക്കട, ഹോട്ടൽ, പച്ചക്കറി കട , രണ്ട് ഇറച്ചിക്കടകൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച.
കടകളുടെ പിൻഭാഗത്തെ ഭിത്തി തുരന്നും ഷീറ്റ് തകർത്തുമാണ് ഉള്ളിൽ കടന്നിരിക്കുന്നത്. ഇറച്ചിക്കടയിലെ സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞു. തുണി ഉപയോഗിച്ച് തല മറച്ചാണ് ഇയാൾ എത്തിയത്. എന്നാൽ, മുഖത്തിന്‍റെ ചില ഭാഗങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുണിക്കടയിൽ നിന്നും 50000 രൂപയും ഹോട്ടലിൽ നിന്നും 10000 രൂപയും കവർന്നു.
മറ്റ് കടകളിലും മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. കടയ്ക്കൽ പൊലീസ് സ്റ്റേഷന്‍റെ 500 മീറ്റർ ചുറ്റളവിലാണ് മോഷണങ്ങൾ അരങ്ങേറിയത്. പരമാവധി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുന്നു. കവർച്ച നടത്തിയത് ഒരാൾ മാത്രമാണോ, കൂടുതൽ പേരുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.