ഹരിപ്പാട്: കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് തിരയുന്നു. ചിങ്ങോലി കല്ലുംമൂട് ഗുരുധർമ പ്രചരണസഭ  ഗുരുമന്ദിരത്തിലും, മുതുകുളം വടക്ക് മാരിയമ്മൻ കോവിലിലുമാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. 

ഗുരുമന്ദിരത്തിന്റെ മുൻ വശത്തെ മതിലിൽ സ്ഥാപിച്ചിരുന്ന ലോഹനിർമിത വഞ്ചിയും പൊളിച്ചു. പിന്നിലുളള പൂട്ട് തല്ലിതുറന്നശേഷം അകത്തുണ്ടായിരുന്ന മറ്റു രണ്ടു പൂട്ടുകളും പൊളിച്ചാണ് പണം അപഹരിച്ചത്. ഗുരുമന്ദിരത്തിന്റെ ഓഫീസിന്റെ കതകു കുത്തിത്തുറന്ന മോഷ്ടാക്കൾ മേശയുടെ പൂട്ട് പൊളിച്ച് എണ്ണായിരം രൂപയോളം അപഹരിച്ചു. 

രാവിലെ അഞ്ചുമണിയോടെ ഗുരുമന്ദിരത്തിലെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കരീലകുളങ്ങര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 
ഗുരുമന്ദിരത്തിന് നൂറുമീറ്ററോളം അകലെയാണ് മാരിയമ്മൻ കോവിൽ. ഇവിടെ സ്ഥാപിച്ചിരുന്ന വലിയ വഞ്ചിയും ഗണപതി, ദുർഗ്ഗ ദേവതകളുടെ മുന്നിലിരുന്ന വഞ്ചികളുമാണ് കുത്തി തുറന്നത്.

തിടപ്പളളി പൊളിക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ ഇത് വിജയിച്ചില്ല.  രാവിലെ ആറു മണിയോടെ ക്ഷേത്രം ഭാരവാഹികൾ  എത്തിയപ്പോഴാണ് വഞ്ചികൾ തുറന്ന നിലയിൽ കണ്ടത്.  കോവിൽ കനകക്കുന്ന് പോലീസ് സ്റ്റേഷൻ  പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ  പോലീസ് അന്വേഷണം ആരംഭിച്ചു.