ഒറ്റ രാത്രിയിൽ അഞ്ചിടത്ത് മോഷണം. ആയുധധാരികളായ മോഷ്ടാക്കൾ ആരാധനാലയങ്ങളിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി...
തിരുവനന്തപുരം: കാട്ടാക്കടയിൽ മോഷണ പരമ്പര അരങ്ങേറി. ഒറ്റ രാത്രിയിൽ രണ്ടു പള്ളികളിലും രണ്ട് കുരിശടിയിലും ഒരു ക്ഷേത്രത്തിലും കവർച്ച നടത്തിയ ആയുധധാരികളായ കള്ളന്മാർ പണം കവരുകയും പള്ളികൾ അലങ്കോലമാക്കുകയും ചെയ്തു. പള്ളികളിൽ കയറിയ കള്ളന്മാർ വീഞ്ഞും അകത്താക്കിയാണ് മടങ്ങിയത്. കണ്ടൈൻമെൻറ് സോണുകളായ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ അതിശക്തമായ പൊലീസ് നിരീക്ഷണത്തെ വെട്ടിച്ചു പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷന് കിലോമീറ്ററുകൾ മാത്രം അകലെയായി ആയുധധാരികൾ കറങ്ങിയതിൽ നാട്ടുകാർ ആശങ്കയിലാണ്.
കാട്ടാക്കട ആമച്ചലില്‍ അമലോത്ഭവ മാതാ ദേവാലയം, കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലയം, കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടി, ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടി, മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് കള്ളന്മാരുടെ അഴിഞ്ഞാട്ടം നടന്നത്. ആമച്ചല്‍ അമലോത്ഭവ ദേവാലയത്തിൽ സക്രാരികള്‍ തകർത്ത കള്ളന്മാർ ദേവാലയങ്ങളിലെ തിരുവസ്ത്രങ്ങളും വിശുദ്ധ വസ്തുക്കളും എല്ലാം വലിച്ചുവാരിയെറിഞ്ഞ നിലയിലായിരുന്നു.

ഇവ സൂക്ഷിച്ചിരുന്ന സങ്കീര്‍ത്തിക്കുളളിലെ അലമാരയും തകര്‍ത്ത് സാധനങ്ങള്‍ വലിച്ചെറിഞ്ഞ കള്ളന്മാർ വികാരിയുടെ ഓഫീസ് മുറിയിലെ വസ്തുക്കളും തകർത്തു. ഇവിടെ മാതാവിന്റെ തിരുസ്വരൂപത്തിലെ നോട്ടുമാലയും കള്ളന്മാർ കൊണ്ടുപോയി. ഇതോടൊപ്പം അലമാരയിൽ ആരാധനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഇവർ കുടിച്ചതായും ശേഷിച്ചവ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പ്രധാന പ്രവേശന കാവാടത്തിലെ കുരിശടിയും പൂട്ട് പൊളിച്ചു പണം കവർന്ന ശേഷം അടച്ച നിലയിലുമായിരുന്നു.
ദേവാലയത്തിന്റെ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. എന്നാൽ കൂടുതലായി എന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ച് വരുന്നു. കാട്ടാക്കട കട്ടക്കോട് സെന്‍റ് അന്‍റണീസ് ഫെറോന ദേവാലയത്തിലെ ജനൽ കമ്പി തകർത്തും വാതിൽ തകർത്തുമാണ് മോഷണ സംഘം പള്ളിക്കുള്ളിൽ കയറിയത്. പുലർച്ചെ രണ്ടു നാല്പതോടെയാണ് പള്ളിക്കുള്ളിൽ കടന്നിരിക്കുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.

നാൽവർ സംഘം മാരകായുധങ്ങളുമായി ആണ് കവർച്ചക്ക് എത്തിയത്. പളളിക്കുളളില്‍ കടന്ന് ചര്‍ച്ച് ക്വയറിന്‍റെ അലമാര കുത്തിത്തുറന്ന സംഘം സങ്കീര്‍തിക്കുള്ളിൽ കടന്ന് വിശുദ്ധവസ്തുക്കളും പൂജാവസ്ത്രങ്ങളും വാരിവലിച്ചെറിഞ്ഞിട്ടുണ്ട്. അലമാരക്കുളളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പലതും മോഷണം നടത്തിയിട്ടുണ്ട്. ഇതുകഴിഞ്ഞു വീണ്ടും തിരികെ അള്‍ത്താരയിലെത്തിയ സംഘം സക്രാരിതുറന്നു പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
പള്ളിയിലെ സാധുജന സഹായ നിധി കാണിക്കകളും കവർന്ന കള്ളന്മാർ പളളിക്ക് മുന്നിലെ പിയാത്തയുടെ മുന്നിലെ കാണിക്കവഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ മടങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പള്ളിക്കുള്ളിൽ തിരുശേഷിഷിപ്പിന് സമീപത്തെ കാണിക്കയും തകർത്ത നിലയിലാണ്.
കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അധീനതയിൽ ഉള്ള കുരിശടിയിലും ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടിയിലും കാണിക്കകൾ തകർത്ത് പണം കൊണ്ട് പോയി. പള്ളികളിലും കുരിശടികളിലും നഷ്ട്ടമായ പണത്തിന്റെ കണക്ക് വ്യക്തമല്ല. മറ്റു വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടോ എന്നതിനെ കുറിച്ചും അന്വേഷിച്ചു വരുന്നു.
മംഗലക്കൽ മുത്താരമ്മൻ ക്ഷേത്ര ട്രസ്റ്റിൽ കടന്ന മോഷ്ട്ടാക്കൾ ഇവിടെ ഉണ്ടായിരുന്ന ഒമ്പതോളം കാണിക്ക വഞ്ചികളും കുടങ്ങളും തകർത്തു പണം കവർന്നു. മാസങ്ങൾക്ക് മുമ്പാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. ശേഷം കാണിക്ക പൊട്ടിച്ചിരുന്നില്ല പതിനായിരത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടായതായാണ് നിഗമനം എന്ന് ക്ഷേത്ര സെക്രട്ടറി മംഗലക്കൽ അജിത് കുമാർ പറഞ്ഞു.

പള്ളികളും ക്ഷേത്രവും കുരിശടികളും സ്ഥിതി ചെയ്യുന്ന കാട്ടാക്കട പൂവച്ചൽ പഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിച്ചു എങ്കിലും സമാനമായ നിയന്ത്രണം അതി കർശനമായി നടപ്പിലാക്കി വരികയുമാണ്. ഈ സാഹചര്യത്തിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് മാരകായുധങ്ങളുമായി പൊലീസ് സ്റ്റേഷന് കിലോമീറ്റർ മാത്രം അകലെയായുള്ള പള്ളികളിലും കുരിശടികളിലും ക്ഷേത്രത്തിലും നടന്ന മോഷണത്തിൽ പൊതുജനങ്ങൾ ആശങ്കയിലാണ്.
ആഴ്ചകൾക്ക് മുൻപാണ് കാട്ടാക്കടയിലും വിളപ്പിൽശാലയിലെ വിവിധയിടങ്ങളിലും ഇത്തരം സംഘം മോഷണം നടത്തിയത്. ഇതിനെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച് അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് ഇപ്പോൾ ഒറ്റ രാത്രിയിൽ ഇത്രയും ഇടങ്ങളിൽ കള്ളന്മാർ നിറഞ്ഞാടിയത്. മോഷണം നടന്നയിടങ്ങളിൽ പൊലീസും വിരലടയാളവിദഗ്ധരും തെളിവുകൾ ശേഖരിച്ചു.
നെയ്യാറ്റിനകര രൂപതക്ക് കീഴിലുളളതാണ് എൗ രണ്ട് ദേവാലയങ്ങളും. സംഭവത്തില്‍ ആശങ്ക ഉണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍ ജി ക്രിസ്തുദാസും കട്ടക്കോട് ഫെറോന വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്‍റും ആവശ്യപ്പെട്ടു. ശക്തമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ കണ്ടെത്തണം എന്ന് മുത്താരമ്മൻ ക്ഷേത്ര ട്രസ്റ് സെക്രട്ടറിയും ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
