പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ
വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിളക്കുകളുമാണ് മൂന്നംഗ സംഘം കവർന്നത്

തുറവൂർ: പകൽ സമയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്ന് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എം ഡി സൽമാൻ (20), എസ് ആർ രാഖിഹ് (19), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.
ഒക്ടോബര്‍ 22ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ കുത്തിയതോട് നാളികാട്ട് ശ്രീരാമകുമാര ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണ ഷേണായിയുടെ വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിളക്കുകളുമാണ് മൂന്നംഗ സംഘം കവർന്നത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം.
സംഭവ സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനെത്തിയ ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മൂന്ന് പേരെ ചന്തിരൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിലെ താമസ സ്ഥലത്തു നിന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ പൊന്നാട് ശ്രീ വിജയവിലാസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണം നടത്തിയ ദില്ലി സ്വദേശി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ദില്ലി സ്വദേശിയായ രാജു (21) വിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വീലുള്ള സൈക്കിളിൽ കറങ്ങി നടന്ന് പരിസരം നിരീക്ഷിച്ച ശേഷമാണ് പ്രതി മോഷണം നടത്തിയിരുന്നത്.
രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് രാജു അമ്പലത്തിന്റ മതിൽ ചാടി കടന്ന് മോഷണം നടത്തിയത്. തിടപ്പള്ളിയിൽ വച്ചിരുന്ന ഉരുളികളും തളികകളും നിവേദ്യ പാത്രങ്ങളും ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വിളക്കുകളും ഉൾപ്പെടെ 50,000 രൂപ വില വരുന്ന വസ്തുക്കൾ മോഷ്ടിച്ച് കടന്നു. മണ്ണഞ്ചേരി സി ഐ നിസാമുദ്ദീൻ ജെ, എസ് ഐ റെജിരാജ് വി ഡി, സീനിയർ സി പി ഒ ഉല്ലാസ്, ഷാനവാസ്, ഷൈജു, സി പി ഒ വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം