പാലക്കാട്: ഓൺലൈൻ വിദ്യാഭ്യാസം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ  റോഡരികിലിരുന്ന് പാഠഭാഗങ്ങൾ എഴുതിയെടുക്കേണ്ട ഗതികേടിലാണ് അട്ടപ്പാടി ചിണ്ടക്കിയിലെ കുട്ടികൾ. സിഗ്നലിന്റെ അപര്യാപ്തത പരിഹരിച്ച് ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്ന ഉറപ്പുകൾക്കിടെയാണ് 
സാമൂഹ്യ പഠനമുറികൾ പോലുമില്ലാതെ  അട്ടപ്പാടിയിലെ ഈ കാഴ്ച. മൊബൈൽ ടവറും മറ്റ് സൗകര്യങ്ങളും ഇനി  ഏതുകാലത്ത് ഇവിടെയെത്തുമെന്നാണ് ഇവർക്ക് സ‍ർക്കാരിനോട് ചോദിക്കാനുളളത്. 

ഇവരുടേത് മരച്ചുവട്ടിലിരുന്ന് ശാന്തിനികേതൻ മാതൃകയിലുളള അധ്യാപന രീതിയെന്ന് കരുതിയാൽ തെറ്റി.  ഊരിൽ നിന്ന് റേഞ്ച് അന്വേഷിച്ചിറങ്ങിയ ചിക്കണ്ടി  ഊരിലെ കുട്ടികളാണ് മരച്ചുവട്ടിൽ കൂടി നിൽക്കുന്നത്. പ്രൈമറി തലം മുതൽ കോളേജ്  വിദ്യാർത്ഥികൾ വരെയുണ്ട്  ഈ കൂട്ടത്തിൽ.  മുക്കാലിയിൽ നിന്ന് ചിണ്ടക്കിയിലേക്കുളള വനപാതയിൽ ഇരുവശത്തും ഇവരിങ്ങിനെ ഇരുന്ന് പഠിക്കും. കാട്ടാനകളുകൾപ്പെടെ കടന്നുപോകുന്ന ഇവിടെ മാത്രമാണ് മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഉളളത് 

കഴിഞ്ഞ തവണ സാമൂഹ്യപഠനമുറികൾ ആശ്രമായിരുന്നു. എന്നാൽ ഇക്കുറി അതെന്ന് തുടങ്ങുമെന്നതിനെക്കുറിച്ചറിയില്ല. കൂട്ടുകാരുടെ മൊബൈൽ ഫോണിനെ ആശ്രയിച്ച് പാഠങ്ങളെഴുതിയെടുക്കുന്നവരുമുണ്ട്. അന്നത്തിനുളള വകയൊപ്പിക്കാൻ ഓടിനടക്കുന്ന വീട്ടുകാർക്ക് മക്കളുടെ വിദ്യാഭ്യാസത്തിന്റെ ഗതിയെന്തെന്ന് ശ്രദ്ധിക്കാൻ സമയമുണ്ടാവില്ല. 

ചിണ്ടക്കി ഉൾപ്പെടെ, ആദ്യപാഠം ഇനിയും അറിയാത്ത കുട്ടികളുളള 15ഊരുകളുണ്ട് അട്ടപ്പാടിയിൽ മാത്രം. ജില്ലയിൽ  ഇങ്ങിനെ 60 ആദിവാസി കോളനിയുണ്ടെന്നാണ് കണക്ക്. സിഗ്നൽ അപര്യാപ്തത പരിഹരിച്ച് ബദൽസംവിധാനം ഇനിയെന്ന് ഒരുക്കുമെന്നാണ് ഉയരുന്ന ചോദ്യം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona