ഇടുക്കി: ആരോടും ദേഷ്യമില്ലെന്നും ജോലിയുടെ ഭാഗമായി ഉണ്ടായ പ്രശ്നങ്ങളിൽ പരിഭവമില്ലെന്നും ദേവികുളം സബ് കളക്ടർ രേണുരാജ്. അനധികൃത നിർമ്മാണ പ്രശ്നവുമായി ബന്ധപ്പെട്ട് എംഎൽഎ എസ് രാജേന്ദ്രൻ നടത്തിയ പരാമർശനത്തിൽ പരിഭവമോ ദേഷ്യമോ ഇല്ലെന്ന് രേണുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

എന്നാൽ നിർമ്മാണ പ്രവർത്തനത്തിനെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകും. വിശദമായ റിപ്പോർട്ട് എജിക്ക് സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ മുഴുവൻ അനധിക്യത കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് ഇനിയും സ്വീകരിക്കും. ഏകപക്ഷമായി നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജോലി ചെയ്യുന്നതിന് ഭയമില്ലെന്നും അവർ പറഞ്ഞു.

2010 ല്‍ റവന്യൂവകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, ഇതിനെ മറികടന്ന് മൂന്നാര്‍ പഞ്ചായത്ത് മുതിരപ്പുഴയാറിന്‍റെ തീരത്ത് നിര്‍മ്മിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്‍റെ പണി സബ് കലക്ടര്‍ രേണുരാജ് തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത  ദേവികുളം എഎല്‍എ എസ് രാജേന്ദ്രന്‍ രേണുരാജിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ഇത് വിവാദമായിരുന്നു. 

Read More : എന്‍ഒസി വാങ്ങാതെ പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ; സബ് കളക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ

" ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ "എസ് രാജേന്ദ്രൻ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്‍റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വെച്ചാണ് എംഎൽഎ അപമാനിച്ചത്.

സംഭവത്തെ തുടര്‍ന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എന്നാല്‍ തന്‍റെ നടപടിയില്‍ മാപ്പ് പറയാന്‍ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, താന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയാണെന്നും ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചപ്പോള്‍ വൈകാരികമായി പോയതാണെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം. 

Read More : മൂന്നാര്‍ കയ്യേറ്റം: സബ് കലക്ടറുടെ റിപ്പോർട്ട് എജിക്ക്; എംഎൽഎയുടെ അധിക്ഷേപത്തെക്കുറിച്ച് പരാമർശമില്ല

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. 

Read More :കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാക്കമ്മീഷൻ

Read More : രേണു രാജ് ഐഎഎസ്സിനെതിരെ അധിക്ഷേപം: എസ് രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി