ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത നിർമാണത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രേണു രാജ് അഡ‍്വക്കേറ്റ് ജനറലിന് റിപ്പോർട്ട് നൽകി. എസ് രാജേന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന നിർമാണം റവന്യൂ വകുപ്പിന്‍റെ അനുമതിയോടെയല്ലെന്നാണ് റിപ്പോർട്ടിലുളളത്. തുടർ നടപടികൾ ആലോചിക്കുന്നതിനായി സബ് കലക്ടറെ അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചു. ഇതിനിടെ സബ് കളക്ടർക്ക് പിന്തുണയുമായി റവന്യൂ മന്ത്രിയും സിപിഐ നേതാക്കളും രംഗത്തെത്തി.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ യാതൊരു നിർമാണ പ്രവർത്തനവും പാടില്ലെന്നാണ് 2010ലെ ഹൈക്കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് മുതിരപ്പുഴയാറിനോട് ചേർന്ന് പഞ്ചായത്ത് നിർമാണം തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ സ്റ്റോപ് മെമ്മോ നൽകി. എന്നാൽ അത് പരിഗണിക്കാതെ നിർമാണം തുടർന്നു. എം എൽ എ എസ് രാജേന്ദ്രന്‍റെ കൂടി സാന്നിധ്യത്തിലായിരുന്നു ഇത്. 

ഒരു ഘട്ടത്തിൽ ഉത്തരവാദിത്വപ്പെട്ട ചിലർ ഉദ്യോഗസ്ഥരെ തടയുക കൂടി ചെയ്തു. സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണം തുടർന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി  കോടതിലക്ഷ്യമായിക്കണ്ട് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ സബ് കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.  കോടതിക്ക് റിപ്പോർട്ട് നൽകിയ സബ് കലക്ടറുടെ നടപടി ശരിയാണെന്നും അതിൽ രാഷ്ട്രീയം കാണേണ്ടെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും ഉദ്യോഗസ്ഥർക്ക് നടപടിയെടുത്തേ മതിയാകൂ എന്നായിരുന്നു സബ് കലക്ടറെ പിന്തുണച്ച്  റവന്യൂമന്ത്രിയുടെ പ്രതികരണം. ഹൈക്കോടതിയുടെ പരിഗണനാ പരിധിയിൽപ്പെടാത്തതിനാലാണ് എംഎൽഎ അധിക്ഷേപിച്ച് സംസാരിച്ച കാര്യം സബ് കളക്ടർ റിപ്പോ‍ർട്ടിൽ ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ റവന്യൂ സെക്രട്ടറിയെ അടക്കം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.