നിലമ്പൂർ: പ്രാചീന ഗോത്രവിഭാഗമായ ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി സി സുധീഷ്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വഴിക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച് കയറിയ സി സുധീഷ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെയാണ് ജനാധിപത്യത്തിന് പുതിയ മുഖം ലഭിച്ചത്. 

താനുൾപ്പെടുന്ന ആദിവാസി വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാനാണ് പ്രഥമ പരിഗണന നൽകുകയെന്ന് സുധീഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തോഫീസിൽ സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിക്കടവ് അങ്ങാടിയിൽ നിന്ന് 12 കിലോമീറ്റർ അകലെ ഉൾവനത്തിൽ അളക്കല കോളനിയിലാണ് സുധീഷിന്റെ വീട്. 

കോളനിയിലുള്ളവർക്ക് കുടിവെള്ളമെത്തിക്കുക, കോളനിയിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസമൊരുക്കുക, കോളനിയിലേക്ക് പുഞ്ചക്കൊല്ലി പുഴക്ക് പാലം നിർമിക്കുക, വനത്തിൽ ഓരോ ആദിയവാസി കുടുംബത്തിനും കൃഷി ചെയ്യാനുള്ള സ്ഥലം അനുവദിപ്പിക്കുക, റോഡ് സൗകര്യമൊരുക്കുക, കോളനിയിലെ മുഴുവൻ വയോജനങ്ങൾക്കും പെൻഷൻ നൽകുക തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കാനായിരിക്കും കൂടുതൽ ശ്രമിക്കുകയെന്നും സുധീഷ് പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗമാണ് ചോലനായ്ക്കർ. അടുത്ത കാലം വരെ ഗുഹകളിൽ മാത്രമായിരുന്നു ഈ വിഭാഗം താസമിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒട്ടേറെ വേറിട്ട ജീവിതരീതി പുലർത്തിവരുന്നവരാണ് ചോലനായ്ക്കർ. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാർഗമില്ല. വികസനം എത്തിയിട്ടുമില്ല. 

എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലിൽ നിന്നാണ് സുധീഷ് സ്ഥാനാർഥിയാകാം എന്ന തീരുമാനമെടുത്തത്. ഇടതുപക്ഷ സ്ഥാനാർഥിയായാണ് സുധീഷ് മത്സരരംഗത്തെത്തിയത്. പ്ലസ്ടു യോഗ്യതനേടിയ സുധീഷിന് മണ്ഡലം പട്ടികവർഗ ജനറൽ ഡിവിഷനായതോടെയാണ് അവസരമൊരുങ്ങിയത്.