കോട്ടയം: വിവാഹച്ചടങ്ങുകളുടെ ചിത്രമെടുക്കാന്‍ പോയ ഫോട്ടോഗ്രാഫര്‍ക്ക് പള്ളിയില്‍ നിന്നും നേരിട്ട അനുഭവത്തേക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു. തിടനാട് സെൻറ്. ജോസഫ്  പള്ളിക്കുള്ളില്‍ നിന്ന് ചടങ്ങുകളുടെ ചിത്രമെടുക്കാനുള്ള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണന്‍ചിറയുടെ കുറിപ്പ്. ഫോട്ടോഗ്രാഫര്‍മാരുടെ വസ്ത്രധാരണമടക്കമുള്ള കാര്യങ്ങളേക്കുറിച്ചുള്ളതാണ് നിബന്ധനകള്‍. എന്നാല്‍ മൂന്നു വര്‍ഷത്തോളമായി പള്ളിയില്‍ പിന്തുടരുന്നതാണ് ഈ നിബന്ധനകള്‍ എന്നും ഇടവകയോഗത്തിന്‍റെ തീരുമാനമാണ് നിബന്ധനകളെന്നുമാണ് തിടനാട് സെൻറ്. ജോസഫ് പള്ളി വികാരി ഫാദര്‍ മെക്കിള്‍ നരിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.


നിബന്ധനകള്‍

  • ഫോട്ടോ/വീഡിയോഗ്രാഫേഴ്സ് പള്ളിയില്‍ കയറുന്നതിന് മുന്‍പ് 500 രൂപയടച്ച് ബാഡ്ജ് വാങ്ങേണ്ടതാണ്. വധുവിനും വരനും ഓരോ വീഡിയോ ക്യാമറയും ഓരോ ക്യാമറയും വീതമേ അനുവദിക്കൂ. സഹായികളാരും പള്ളിയില്‍ പ്രവേശിക്കരുത്.
  • യാതൊരു ക്രമീകരണങ്ങളും സ്റ്റാന്‍റും പള്ളിയില്‍ പാടില്ല
  • പള്ളിയുടെ മദ്ബഹായോട് ചെര്‍ന്നുള്ള വലതുവശത്തെ വാതിലില്‍ക്കൂടി പ്രവേശിച്ചി നിശ്ചിത സ്ഥലത്ത് നിന്ന് മാത്രമേ ഫോട്ടോ, വീഡിയ എടുക്കാവൂ. ദേവാലയത്തില്‍ മറ്റൊരു സ്ഥലത്തുനിന്നും ഫോട്ടോ വീഡിയോ എടുക്കാന്‍ പാടില്ല
  • പള്ളിക്കുള്ളില്‍ അറേഞ്ച്ഡ് ഫോട്ടോ വീഡിയോ പാടില്ല
  • മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കാത്തവരും തലയില്‍ വികൃതമായ കോലം കെട്ടിയവരും പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ല

 

മുടി നീട്ടി വളര്‍ത്തിയത് മൂലം പള്ളിയില്‍ പ്രവേശിച്ച് ചിത്രമെടുക്കാന്‍ സാധിച്ചില്ലെന്നും സിജോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു. പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് പള്ളിവക ഹാളില്‍ സത്കാരം നടക്കുമ്പോള്‍ 2.45ന് കറന്‍റ് പോയെന്നും ഇത് വികാരി അച്ചന്‍ കറന്‍റ് കട്ട് ചെയ്തതാണെന്നുമാണ് സിജോ പറയുന്നത്. തൊഴില്‍ കൃത്യമായി ചെയ്യാന്‍ സാധിച്ചില്ലെന്ന വ്യസനത്തോടെയാണ് സിജോയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ നിരവധിയാളുകള്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും സമാന അനുഭവം ഇതേപള്ളിയില്‍ നിന്നുണ്ടായെന്നും സിജോ പറഞ്ഞു. സിപിഎം അനുഭാവി ആയതുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിന്‍റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും സിജോ പറയുന്നു. പള്ളിക്കെതിരായ പ്രവര്‍ത്തിയെന്ന പേരില്‍ പല ഗ്രൂപ്പുകളിലും തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പങ്കുവച്ച് വ്യാജ പ്രൊഫൈലുകളിലൂടെ രൂക്ഷമായ ആരോപണങ്ങളാണ് നേരിടുന്നതെന്നും സിജോ പറയുന്നു.

എന്നാല്‍ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് അലോസരമുണ്ടാവാതെ നടക്കാനാണ് ഇത്തരം നിബന്ധനകളെന്നാണ് പള്ളി വികാരി വ്യക്തമാക്കുന്നത്. വിവാഹത്തിന് മാത്രമല്ല പള്ളിക്കുള്ളില്‍ ഫോട്ടോ വീഡിയോ എടുക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്നും പള്ളി വികാരി വ്യക്തമാക്കി. ഒരു സ്ഥലലത്ത് ചെന്ന് കഴിഞ്ഞാല്‍ അവിടുത്തെ വ്യവസ്ഥകള്‍ പാലിക്കണം. പള്ളിക്കുള്ളിലെ പെരുമാറ്റത്തിന് മാത്രമാണ് ഈ നിബന്ധനകള്‍. പള്ളിക്ക് പുറത്തോ ഹാളിലോ ഈ നിബന്ധനകള്‍ ഒന്നും തന്നെ ബാധകമല്ല. പള്ളിക്കുള്ളില്‍ മാന്യമായി പെരുമാറേണ്ടതാണെന്നും ഫാദര്‍ മൈക്കിള്‍ നരിക്കാട്ട് പറയുന്നു. പള്ളിയില്‍ സമാനമായ രീതിയില്‍ മോശമായ സംഭവമുണ്ടായതിനെ തുടര്‍ന്നാണ് പള്ളിയോഗം ഇത്തരം വ്യവസ്ഥ കൊണ്ടുവന്നത്. കുര്‍ബാന നടക്കുന്ന സമയത്ത് മാന്യമല്ലാത്ത വേഷ വിതാനങ്ങളില്‍ എത്തുന്നത് ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അതിനാലാണ് വസ്ത്രധാരണത്തേക്കുറിച്ചും മുടിയേക്കുറിച്ചും നിബന്ധനയില്‍ പറയുന്നതെന്നും ഫാദര്‍ മൈക്കിള്‍ നരിക്കാട്ട് പറയുന്നു. പള്ളി വക ഓഡിറ്റോറിയം ചടങ്ങുകള്‍ക്ക് നല്‍കുന്നത് ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെയാണ്. 2.45ഓടെ ജനറേറ്റര്‍ ഓഫ് ചെയ്യുമെന്നും നിബന്ധന സമ്മതിച്ച ശേഷമാണ് ഓഡിറ്റോറിയം ആവശ്യക്കാര്‍ക്ക് നല്‍കാറുള്ളതെന്നും ഫാദര്‍ മൈക്കിള്‍ നരിക്കാട്ട് വിശദമാക്കി. ഹാളിലെ കറന്‍റ് ഓഫ് ചെയ്യാറില്ലെന്നും ജനറേറ്റര്‍ മാത്രമാണ് ഓഫ് ചെയ്യുന്നതെന്നും പള്ളി വികാരി വിശദമാക്കി. ഇടവകയോഗത്തിലെ തീരുമാനങ്ങളാണ് ഇതെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ക്കുന്നു.

സിജോ കണ്ണന്‍ചിറയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്തുണയും എതിര്‍പ്പുമായി നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.