കഴിഞ്ഞ 2 മാസത്തിനിടെ പെരിന്തൽമണ്ണയിലെ നിരവധി വ്യപാര സ്ഥാപനങ്ങളില്‍ ഇതേ രീതിയിൽ മോഷണം നടന്നു
മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിലെ വിവിധ കടകളില്‍ മോഷണം തുടര്‍ക്കഥയാകുന്നു. മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ചെത്തുന്ന മോഷ്ടാവാണ് രണ്ടര മാസത്തിനിടെ എട്ട് കടകളില്‍ മോഷണം നടത്തിയത്. തുണിക്കടയിലെത്തിയ മോഷ്ടാവ് പണം കിട്ടാതായതോടെ വിലകൂടിയ ചുരിദാറുകളെടുത്താണ് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണിത്.
മുഖം മറച്ചും കയ്യുറ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്. കഴിഞ്ഞ 2 മാസത്തിനിടെ പെരിന്തൽമണ്ണയിലെ നിരവധി വ്യപാര സ്ഥാപനങ്ങളില്‍ ഇതേ രീതിയിൽ മോഷണം നടന്നു. പെരിന്തല്‍മണ്ണ-മാനത്തുമംഗലം ബൈപ്പാസ് റോഡിലെ വസ്ത്രശാലയിലും സമീപത്തെ ഹോട്ടലിലും മോഷണം നടന്നതാണ് അവസാന സംഭവം.
വസ്ത്രശാലയില്‍ നിന്ന് നിന്ന് വിലയേറിയ അഞ്ചു ചുരിദാറുകളാണ് കള്ളൻ കൊണ്ടുപോയത്. പണം തിരഞ്ഞെങ്കിലും കിട്ടാതെ വന്നതോടെയാണ് വിലകൂടിയ ചുരിദാറുകള്‍ ഇരിക്കുന്ന ഭാഗത്ത് മോഷ്ടാവ് എത്തിയത്. കൈയിലെ ടോര്‍ച്ച് തെളിയിച്ച് വിലയും ഭംഗിയും നോക്കി എടുക്കുന്നതായാണ് സി സി ടി വി. ദൃശ്യങ്ങളിലുള്ളത്. ഉടമയുടെ പരാതിയില്‍ പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.
ഷട്ടറില്ലാത്ത ഹോട്ടലിന്റെ മുന്‍ഭാഗത്തെ ചില്ല് വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണശ്രമത്തിനിടെ വാതിലിന്റെ ഒരു ഭാഗവും തകര്‍ന്നു. കാഷ് കൗണ്ടറില്‍ പണം തിരഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ല. ഇതിന്റെ തുടര്‍ച്ചയാണ് ലേഡീസ് ബ്യൂട്ടിക്കിലും മോഷ്ടാവ് കയറിയത്. ഷട്ടറിന്റെ പൂട്ടിടാത്ത ഭാഗം കല്ല് വെച്ച് ഉയര്‍ത്തിയുണ്ടാക്കിയ വിടവിലൂടെ അകത്ത് കയറിയത്.
