പലതവണ നിസാമുദ്ദീന്റെ വീട്ടിൽ അന്വേഷണം നടത്തിയതിലുള്ള വിരോധത്തിലാണ് പ്രതി കത്തികൊണ്ട് പൊലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ചത്

പെരിന്തൽമണ്ണ: പൊലീസുകാരനെയും വഴിയാത്രക്കാരനെയും കുത്തിപ്പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിലും മോഷണക്കേസുകളിലെയും പ്രതിയായ അരക്കുപറമ്പ് മാട്ടറക്കൽ സ്വദേശി പിലാക്കാടൻ നിസാമുദ്ദീ (30)നെയാണ് പെരിന്തൽമണ്ണ സി ഐ. സി കെ നാസർ, എ എസ് പി. ഹേമലത എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാർച്ച് 13നാണ് പെരിന്തൽമണ്ണ ഗവ. ആശുപത്രിയുടെ മുന്നിൽ നിസാമുദ്ദീനെ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച് ഓടിരക്ഷപ്പെട്ടത്. പലതവണ നിസാമുദ്ദീന്റെ വീട്ടിൽ അന്വേഷണം നടത്തിയതിലുള്ള വിരോധത്തിലാണ് പ്രതി കത്തികൊണ്ട് പൊലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ചത്. 

രക്ഷപ്പെട്ട് ഓടിപ്പോകുന്ന വഴി ബൈക്കിൽ വരികയായിരുന്ന ചെറുകര പുളിങ്കാവ് സ്വദേശിയെ തടഞ്ഞുനിർത്തി ബൈക്ക് ബലമായി പിടിച്ചുവാങ്ങുകയും എതിർത്തപ്പോൾ ഇയാളെ കുത്തിപ്പരുക്കേൽപ്പിച്ച് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ, മാട്ടറക്കൽ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. 

എ എസ് ഐമാരായ ശംസുദ്ദീൻ, സുകുമാരൻ കാരാട്ടിൽ, വിശ്വംഭരൻ, പ്രത്യേക അന്വേഷണ സംഘത്തിലെ മിഥുൻ, പ്രഫുൽ, ബിന്നിമത്തായി, സജീർ, ശമീൽ, നികീഷ്, കൃഷ്ണകുമാർ, മനോജ്കുമാർ തുടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.